അമ്പലപ്പുഴ: അമ്പലപ്പുഴയിലും പരിസരപ്രദേശങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമായതിനെ തുടർന്ന് അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഓഫീസ് പടിക്കൽ ബി.ജെ.പി അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ കുടം കമഴ്ത്തി സമരം നടത്തി. ജപ്പാൻ കുടിവെള്ള പൈപ്പുകൾ പൊട്ടിയതിനെ തുടർന്ന് അമ്പലപ്പുഴയിലും പരിസരപ്രദേശങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്. അനിൽ പാഞ്ചജന്യത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമരം അമ്പലപ്പുഴ കച്ചേരി മുക്കിൽ ബി.ജെ.പി ദക്ഷിണമേഖലാ ഉപാദ്ധ്യക്ഷൻ കൊട്ടാരം ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അടിയന്തരമായി പ്രദേശത്തു കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുവാൻ പഞ്ചായത്ത് ഭരണസമിതിയും വാട്ടർ അതോറിറ്റിയും തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു . ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് എൽ .പി. ജയചന്ദ്രൻ, മണ്ഡലം ജനറൽ സെക്രട്ടറി കെ. അനിൽകുമാർ, കരുമാടി ഗോപകുമാർ, സന്ധ്യാ സുരേഷ്, ഗോകുലം പ്രസാദ്, സി .കെ. സേതു, മനോജ് കുമാർ, ബീന കൃഷ്ണകുമാർ മഞ്ജു ഷാജി, രേണുക ശ്രീകുമാർ തുടങ്ങിയവർ പ്രസംഗിച്ചു