ആലപ്പുഴ: ചൂട് കൂടുന്ന സാഹചര്യത്തിൽ ജില്ലയുടെ പല ഭാഗങ്ങളിലും രൂക്ഷമായ കുടിവെള്ള പ്രശ്‌നം പരിഹരിക്കാൻ കളക്ടർ എ. അലക്സാണ്ടർ നിർദ്ദേശം നൽകി. ചേംബറിൽ ചേർന്ന ജില്ല ദുരന്ത നിവാരണ അതോറിട്ടി യോഗത്തിലാണ് തീരുമാനം.
പഞ്ചായത്തുകൾക്കും നഗരസഭകൾക്കും തനത് പ്ലാൻ ഫണ്ടിൽ നിന്ന് തുക കണ്ടെത്തി കുടിവെള്ള വിതരണം നടത്താൻ സർക്കാർ ഉത്തരവായിട്ടുണ്ടെന്ന് കളക്ടർ അറിയിച്ചു. ഇതിനുള്ള നടപടികൾ എത്രയും പെട്ടെന്ന് പഞ്ചായത്ത്, നഗരസഭ സെക്രട്ടറിമാർ സ്വീകരിക്കണം. 31 വരെ പഞ്ചായത്തുകൾക്ക് കുടിവെള്ള വിതരണത്തിന് 5 ലക്ഷവും നഗരസഭകൾക്ക് 11 ലക്ഷവും ചെലവഴിക്കാം. ചൂട് കൂടുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണം. രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെ സൂര്യതാപം നേരിട്ട് ഏൽക്കുന്ന മേഖലകളിലെ തൊഴിൽ ഒഴിവാക്കണം. നിർമ്മാണ തൊഴിലാളികൾ, കയറ്റിറക്ക് തൊഴിലാളികൾ, കാർഷികവൃത്തിയിൽ ഏർപ്പെടുന്നവർ തുടങ്ങിയവർ ഈ സമയക്രമം പാലിക്കണം. ഇത്തരത്തിൽ തൊഴിലുടമകൾ സമയ ക്രമീകരണം മാറ്റണം. ഇത് നടപ്പാക്കുന്നുണ്ട് എന്ന് ജില്ലാ ലേബർ ഓഫീസർ ഉറപ്പുവരുത്തണം. സൂര്യതാപം ഏൽക്കാതിരിക്കാൻ ജാഗ്രത വേണം.
...............................
 453 കിയോസ്കുകൾ
ജില്ലയിൽ 453 കുടിവെള്ള കിയോസ്‌കുകൾ ഉണ്ട്. ഇവ പ്രവർത്തന സജ്ജമാക്കണം. കിയോസ്‌കുകൾ സജ്ജമാക്കിയ ശേഷം ഇന്ന് വൈകുന്നേരത്തിനു മുമ്പ് കളക്ടറേറ്റിൽ റിപ്പോർട്ട് ചെയ്യണം. കുടിവെള്ള വിതരണം എത്രയും പെട്ടെന്ന് ആരംഭിക്കാനും നിർദേശം നൽകിയിട്ടുണ്ട്. പാടത്ത് കൊയ്ത്തിന് ശേഷം വൈക്കോലിന് തീയിടുന്നത് നിരോധിച്ചിട്ടുണ്ട്. വൈക്കോൽ കൃഷിസ്ഥലത്ത് നിന്ന് നീക്കംചെയ്യണം. ഇക്കാര്യത്തിൽ പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ പരിശോധന നടത്തണം.
.............................
 രണ്ട് വർഷം ചെലവഴിക്കാനാവുന്നത്
പഞ്ചായത്തുകൾ...............₹ 11 ലക്ഷം
മുനിസിപ്പാലിറ്റി....................₹ 16.50 ലക്ഷം