മാവേലിക്കര: ജില്ലയിലെ ഏറ്റവും മികച്ച ബാങ്കിനുള്ള അവാർഡ് ഭരണിക്കാവ് സഹകരണ ബാങ്കിന് ലഭിച്ചു. കഴിഞ്ഞ ഒരു വർഷത്തെ കോവിഡ്കാല പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. കേരള ബാങ്ക് ഏർപ്പെടുത്തിയ അവാർഡ് കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലിൽ നിന്നും ബാങ്ക് പ്രസിഡന്റ് കോശി അലക്സ്, ബാങ്ക് സെക്രട്ടറി കെ.എസ് ജയപ്രകാശ്, ഡയറക്ടർ ബോർഡ് അംഗം കെ.ശശിധരൻ നായർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
കാഷ് അവാർഡും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് അവാർഡ്. കഴിഞ്ഞ ഒരു വർഷക്കാലം നടത്തിയ കാർഷികവും കാർഷികേതരവും കൊവിഡ് പ്രതിരോധത്തിൽ അധിഷ്ഠിതവുമായ പ്രവർത്തനങ്ങളെല്ലാം വിശദമായി പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്താണ് അവാർഡ് നിശ്ചയിച്ചതെന്ന് ബാങ്ക് സി.ഇ.ഒ അറിയിച്ചു. പുതിയ ഭരണസമിതി അധികാരത്തിൽ വന്ന ശേഷം മൂന്നര വർഷത്തിനിടെ ലഭിക്കുന്ന മൂന്നാമത്തെ പുരസ്കാരമാണിത്. ജീവനക്കാരുടെയും ഭരണസമിതി അംഗങ്ങളുടെയും കൂട്ടായ പ്രവർത്തനവും ബാങ്കിന്റെ വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങളിൽ സഹകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന സഹകാരികളുടെ സഹകരണവുമാണ് ബാങ്കിന്റെ നേട്ടത്തിന് പിന്നിലെന്ന് ബാങ്ക് പ്രസിഡന്റ് കോശി അലക്സ് പറഞ്ഞു.