ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയിലെ പൈപ്പുകളിലുണ്ടായ തകരാർ മൂലം പമ്പിംഗ് നിലച്ചതിനാൽ നഗരസഭയുടെ നേതൃത്വത്തിൽ കുടിവെള്ള വിതരണം ഊർജ്ജിതമാക്കി. ആലപ്പുഴ നഗരസഭാ ചെയർപേഴ്‌സൺ സൗമ്യ രാജ്, വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ എന്നിവരുടെ നേതൃത്വത്തിൽ വാട്ടർ അതോറിട്ടി എ.ഇ ബെൻ ബ്രൈറ്റനുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. കുടിവെള്ള വിതരണം കാര്യക്ഷമമാക്കാൻ പത്തു വാർഡുകൾക്ക് ഒരു ഹെൽത്ത് ഇൻസ്‌പെക്ടറെ ചുമതലപ്പെടുത്തും. കൂടുതൽ ടാങ്കുകളിൽ കുടിവെള്ളം എത്തിക്കും. തകഴിയിലെ അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ച് പമ്പിംഗ് ആരംഭിക്കുന്നതുവരെ വാട്ടർ അതോറിട്ടിയുമായി സഹകരിച്ച് കുടിവെള്ള വിതരണം തുടരും. ചർച്ചയിൽ നഗരസഭയിലെ വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ബീന രമേശ്, എ.ഷാനവാസ്, കെ.ബാബു, വി.വിനീത, കൗൺസിലർമാരായ എം.ആർ.പ്രേം, ബി. അജേഷ് തുടങ്ങിയവരും പങ്കെടുത്തു.