s

സുധാകരന് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധം കനക്കുന്നു

ആലപ്പുഴ : മന്ത്രി ജി. സുധാകരന് സീറ്റ് നിഷേധിച്ചതിൽ സി.പി.എമ്മിലും മണ്ഡലത്തിലും പ്രതിഷേധ കനലാട്ടം. സുധാകരനെ പിന്തുണച്ച് മണ്ഡലത്തിന്റെ വിവിധയിടങ്ങളിൽ പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടു. പ്രതിഷേധപ്രകടനം നടത്താനുള്ള നീക്കങ്ങളും അണിയറയിൽ രൂപപ്പെടുന്നതായാണ് സൂചന. വി.എസ്. അച്യുതാനന്ദന് സീറ്റ് നിഷേധിക്കപ്പെട്ടപ്പോൾ സംസ്ഥാനത്താകെ പ്രതിഷേധപ്രകടനങ്ങൾ നടന്നതോടെ പാർട്ടി പീന്നീട് സീറ്റ് നൽകി. പുന്നപ്ര വയലാർ രക്തസാക്ഷികളുറങ്ങുന്ന വലിയ ചുടുകാട്ടിലാണ് ഇന്നലെ പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ജി ഇല്ലാതെ എന്ത് ഉറപ്പെന്നും സുധാകരനെ മാറ്റിയാൽ മണ്ഡലം തോൽക്കുമെന്നും പാർട്ടിക്ക് തുടർഭരണം വേണ്ടേന്നും ചോദിച്ചാണ് പോസ്‌റ്ററുകൾ. ഇപ്പോൾ മണ്ഡലത്തിലേക്ക് പരിഗണിക്കുന്ന എച്ച്. സലാം എസ്.ഡി.പി.ഐക്കാരനെന്ന പരാമർശവുമുണ്ട്. സുധാകരനെ സ്ഥാനാർത്ഥിയാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പറവൂർ ജംഗ്‌ഷനിൽ ഫ്ളക്‌സ് ബോർഡ് സ്ഥാപിച്ചിരുന്നു.യു.ഡി.എഫ് അനുകൂല മണ്ഡലമായ അമ്പലപ്പുഴ കഴിഞ്ഞ മൂന്ന് തവണയും എൽ.ഡി.എഫിന് നിലനിർത്താൻ കഴിഞ്ഞത് സുധാകരൻ നടപ്പാക്കിയ വികസനനേട്ടങ്ങളാണെന്ന് പാർട്ടിയിലെ ഒരു വിഭാഗം വ്യക്തമാക്കുന്നു.അഴിമതിക്കെതിരെയുള്ള പോരാട്ടവും റോഡു വികസനവും ഇവർ ഉയർത്തിക്കാട്ടുന്നു. പ്രതിഷേധം അടുത്തദിവസങ്ങളിൽ തെരുവിലേക്കിറങ്ങുമെന്നാണ് സൂചന. മന്ത്രി തോമസ് ഐസക്കിനും സീറ്റ് നിഷേധിച്ചതോടെ ജില്ലയിൽ മികച്ച വിജയനേടാമെന്ന പ്രതീക്ഷ അസ്‌തമിച്ചെന്ന വികാരം പാർട്ടിയിലുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന സി.പി.എം സംസ്ഥാന സമിതിയിൽ ഇരുവരെയും മത്സരിപ്പിക്കണമെന്ന് ജില്ലാ സെക്രട്ടറി ആർ. നാസർ ആവശ്യപ്പെട്ടെങ്കിലും മാനദണ്ഡം മാറ്റാൻ പാർട്ടി തയ്യാറായില്ല. മറ്റ് ചില ജില്ലാ കമ്മിറ്റികളും സുധാകരനെ മത്സരിപ്പിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു.