
കായംകുളം: ലക്ഷ്മിക്കുട്ടിഅമ്മയും രാമചന്ദ്രപ്പണിക്കരും ചേർന്ന് ഇഷ്ടദേവന് നാഗസ്വരമേളമൊരുക്കാൻ തുടങ്ങിയിട്ട്
ആറുപതിറ്റാണ്ടാകുന്നു. ഇഷ്ടദേവനെ പള്ളി ഉണർത്തുന്നതു മുതൽ നട അടക്കുന്നതുവരെ ഈ ദമ്പതികൾ
കായംകുളം പുല്ലുകുളങ്ങര ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ നിത്യസാന്നിദ്ധ്യമാണ്.
രാമചന്ദ്രപ്പണിക്കർക്ക് ഇപ്പോൾ പ്രായം 79. ലക്ഷ്മിക്കുട്ടിഅമ്മയ്ക്ക് പ്രായം 76. 1960 കളിലാണ് നാഗസ്വരകലാകാരിയായ ലക്ഷ്മിക്കുട്ടിഅമ്മയ്ക്ക് ഒപ്പം തകിൽ വായിക്കുവാൻ രാമചന്ദ്രപ്പണിക്കർ ആദ്യമായി എത്തുന്നത്. പിന്നീട് ഈ ഒത്തുചേരൽ ജീവിതത്തിലേയ്ക്ക് കൂടി പകർത്തുകയായിരുന്നു.
പന്ത്രണ്ട് വയസുമുതൽ ഓച്ചിറ ഞക്കനാൽ കൊച്ചുനാരായണപ്പണിക്കരുടെ ശിഷ്യനായാണ് രാമചന്ദ്രപ്പണിക്കർ തകിൽ അഭ്യസിച്ചു തുടങ്ങിയത്. പയറ്റിത്തെളിഞ്ഞതോടെ പുല്ലുകുളങ്ങര ക്ഷേത്രത്തിൽ എത്തി. പന്ത്രണ്ട് വയസുമുതൽ തന്നെ നാഗസ്വരം അഭ്യസിച്ച് അറിയപ്പെടുന്ന കലാകാരിയായ മാറിക്കഴിഞ്ഞിരുന്ന ലക്ഷ്മിക്കുട്ടിയമ്മ ട്രൂപ്പിന്റെ ഭാഗമായതോടെ ഇരുവരും മദ്ധ്യകേരളത്തിലെ അറിയപ്പെടുന്ന നാഗസ്വരക്കച്ചേരിക്കാരായി. നിരവധി ക്ഷേത്രങ്ങളിൽ കച്ചേരികൾ അവതരിപ്പിച്ച് മുന്നേറുന്നതിനിടെയായിരുന്നു വിവാഹവും.
ഇതിനിടെ 1981 മുതൽ 2002 വരെ ലക്ഷ്മിക്കുട്ടിയമ്മ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ നാഗസ്വര ജീവനക്കാരിയായി വിവിധ ക്ഷേത്രങ്ങളിലും സേവനം അനുഷ്ടിച്ചു. വെളുപ്പിന് നാലര മുതൽ രാത്രി എട്ടുവരെയുള്ള ക്ഷേത്ര ചടങ്ങുകൾക്കും വിവാഹത്തിനും ചോറൂണിനും തുലാഭാരത്തിനുമെല്ലാം മേളമൊരുക്കുന്നത് ഇവർ ഒരുമിച്ചാണ്. പ്രായത്തിന്റെ അവശതകൾ ബാധിക്കാതെ ഇപ്പോഴും പുല്ലുകുളങ്ങര ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലെ വാദ്യക്കാരാണ്. ക്ഷേത്രത്തിന് കിഴക്കുവശം താമസിക്കുന്ന ഇരുവരും.
ജീവിതത്തിന്റെ അവസാന നിമിഷം വരെ ഒന്നിനൊന്ന് ശ്രുതിചേർന്ന് നിൽക്കണമെന്നാണ് ഇവരുടെ ആഗ്രഹം. സന്തോഷവും സമാധാനവുമെല്ലാം സംഗീതമാണന്ന് ഇരുവരും പറയുന്നു. ശ്രീകുമാരിയും രമാദേവിയുമാണ് മക്കൾ.ഇരുവരും വിവാഹിതരാണ്.
സാഗസ്വരവും തകിലും
ഹൃദയം തുടികൊട്ടുന്ന മംഗള വാദ്യമാണ് നാഗസ്വരവും തകിലും. നാഗസ്വരത്തെക്കുറിച്ച് പറയുന്ന ഐതീഹ്യമിങ്ങനെ:
സതീദേവിയുടെ ജീവത്യാഗത്തിന് ശേഷം മഹാദേവന്റെ കോപാഗ്നിയിൽ ലോകം നശിക്കുമെന്ന് ഭയന്ന ദേവൻമാർ കോപം ശമിപ്പിക്കാൻ മഹാവിഷ്ണുവിനോട് മാർഗം തേടി. നാളിതു വരെ പ്രപഞ്ചത്തിലില്ലാത്ത നാദം മഹാദേവനെ കേൾപ്പിക്കുവാൻ അദ്ദേഹം ഉപദേശിച്ചു. നാരദ മഹർഷിയുടെ നിർദ്ദേശപ്രകാരം അനന്തൻ നാദസ്വരം ആയി .അങ്ങനെ നാഗം സ്വരം കൊടുത്തതിനാൽ നാഗസ്വരം എന്ന പേര് വന്നു.
നാഗസ്വരത്തോടൊപ്പം ഉപയോഗിക്കുന്ന താളവാദ്യമാണ് തകിൽ. ഇരുവശങ്ങളിലും തുകൽ മൂടിയാണ് ഇത് നിർമ്മിക്കുന്നത്. ഇടന്തലയേക്കാൾ ചെറുതാണ് വലന്തല. ഇടന്തലയ്ക്ക് ലോഹച്ചുറ്റിട്ട കൈവിരലുകൾ കൊണ്ടും വലന്തലയ്ക്ക് കോലുപയോഗിച്ചുമാണ് വായിക്കുന്നത്.