t

ആലപ്പുഴ: ആരെ വരിക്കും, ആരെ തള്ളും എന്ന കാര്യത്തിൽ തിരഞ്ഞെടുപ്പിനു മുമ്പ് നേരേചൊവ്വേ മനസുതുറക്കാത്ത മണ്ഡലമാണ് ഹരിപ്പാട്. അവരവരുടെ രാഷ്ട്രീയ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ഊഹിക്കുക മാത്രമേ നിവൃത്തിയുള്ളൂ. ഇവിടെ ഒരുതവണ വിജയിച്ചവർ ആ ആത്മവിശ്വാസത്തിൽ രണ്ടാം തവണ ഇറങ്ങിയപ്പോൾ നിലത്തടിക്കുന്ന സ്വഭാവവും ഹരിപ്പാടിന്റെ പ്രത്യേകതയാണ്.

ശക്തമായ രാഷ്‌ട്രീയ പോരാട്ടങ്ങളുടെ കനലുള്ള മണ്ഡലം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടർച്ചയായ മൂന്നാം തവണ മത്സരിക്കുന്നതിനാൽ ഇത്തവണയും വി.ഐ.പി പരിവേഷത്തിലാണ്. മണ്ഡലം മാറുന്നുവെന്ന പ്രചാരണം ശക്തമായപ്പോഴാണ് അവിടെത്തന്നെ മത്സരിക്കുമെന്ന് രമേശ് പ്രഖ്യാപിച്ചത്. സ്ഥാനാർത്ഥിയെ വിലയിരുത്തി വോട്ടുചെയ്യുന്നുവെന്ന വിശേഷണവും ഹരിപ്പാടിനുണ്ട്. 1957 മുതലുള്ള ചരിത്രം പരിശോധിച്ചാൽ ഹരിപ്പാട്ടെ രണ്ടാം മത്സരത്തിൽ തോൽവി രുചിക്കാതിരുന്നത് രമേശ് ചെന്നിത്തലയും സി.ബി.സി വാര്യരും മാത്രം. ആദ്യ തിരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് സ്വതന്ത്രനായ വി.രാമകൃഷ്‌ണപിള്ളയെ വിജയപ്പിച്ചാണ് ഹരിപ്പാടിന്റെ തിരഞ്ഞെടുപ്പ് ചരിത്ര തുടക്കം. എന്നാൽ, അടുത്ത തവണ കോൺഗ്രനൊപ്പമായിരുന്നു മണ്ഡലം. പിന്നിടങ്ങോട്ട് സ്ഥിരമായ ഒരു ചായ്‌വ് മണ്ഡലം കാണിച്ചിരുന്നില്ല. ഇത്തവണ ഹാട്രിക് വിജയത്തിനായാണ് രമേശ് കളത്തിലിറങ്ങുന്നത്. കഴിഞ്ഞ തവണ മണ്ഡല ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷവും ലഭിച്ചു. സി.പി.ഐ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. കഴിഞ്ഞ തവണ ബി.ജെപിക്ക് ജില്ലയിൽ ഏറ്റവും കുറവ് വോട്ടു ലഭിച്ചതും ഹരിപ്പാട്ടായിരുന്നു. ശക്തമായ മത്സരങ്ങൾ നിരവധി നടന്നിട്ടുണ്ടെങ്കിലും രണ്ടു തവണ മാത്രമാണ് ഹരിപ്പാടിന് മന്ത്രിസ്ഥാനം ലഭിച്ചത്.

# വോട്ടർമാർ ആകെ: 1,92,100

 പുരുഷൻമാർ: 90,246

 സ്ത്രീകൾ: 1,01,853

 ട്രാൻസ്ജെൻഡർ: 01

# മണ്ഡലം

ഹരിപ്പാട് നഗരസഭയും കരുവാറ്റ, ചെറുതന, പള്ളിപ്പാട്, ചേപ്പാട്, കാർത്തികപ്പള്ളി, ചിങ്ങോലി, മുതുകുളം, ആറാട്ടുപ്പുഴ, തൃക്കുന്നപ്പുഴ, കുമാരപുരം പഞ്ചായത്തുകളും

# ഭരണം

യു.ഡി.എഫ്: ഹരിപ്പാട് നഗരസഭ, തൃക്കുന്നപ്പുഴ, ചിങ്ങോലി, ചെറുതന

എൽ.ഡി.എഫ്: ആറാട്ടുപ്പുഴ, കാർത്തികപ്പള്ളി, മുതുകുളം, കുമാരപുരം, പള്ളിപ്പാട്, ചേപ്പാട്, കരുവാറ്റ

# 2016 നിയമസഭ തിരഞ്ഞെടുപ്പ്

 രമേശ് ചെന്നിത്തല (കോൺഗ്രസ്): 75,980

 പി. പ്രസാദ് (സി.പി.ഐ): 57,359

 ഡി. അശ്വനിദേവ് ( ബി.ജെ.പി): 12,985

 ഭൂരിപക്ഷം: 18,621

.....................

# തിരഞ്ഞെടുപ്പ് ചരിത്രം

(വർഷം, വിജയി, പാർട്ടി, എതിരാളി, ഭൂരിപക്ഷം എന്ന ക്രമത്തിൽ)

1957 വി. രാമകൃഷ്‌ണപിള്ള (സ്വതന്ത്രൻ), കെ. ബാലഗംഗാധരൻ: 4372

1960 എൻ.എസ്. കൃഷ്‌ണപിള്ള (കോൺഗ്രസ്), വി.രാമകൃഷ്‌ണപിള്ള: 10309

1965 കെ.പി.രാമകൃഷ്‌ണൻ നായർ (കോൺഗ്രസ്), സി.ബി. ചന്ദ്രശേഖര വാര്യർ: 6466

1967 സി.ബി. ചന്ദ്രശേഖരവാര്യർ (സി.പി.എം),, കെ.പി.ആർ നായർ: 1120

1970 സി.ബി. ചന്ദ്രശേഖരവാര്യർ (സി.പി.എം) തച്ചടി പ്രഭാകരൻ: 6842

1977 ജി.പി മംഗലത്ത്മഠം (കോൺഗ്രസ്), സി.ബി. ചന്ദ്രശേഖരവാര്യർ: 2919

1980 സി.ബി. ചന്ദ്രശേഖരവാര്യർ (സി.പി.എം), ജി.പി. മംഗലത്ത്മഠം: 3409

1982 രമേശ് ചെന്നിത്തല (കോൺഗ്രസ്), പി.ജി. തമ്പി: 4577

1987 രമേശ് ചെന്നിത്തല (കോൺഗ്രസ്), എ.വി. താമരാക്ഷൻ: 3817

1991 കെ.കെ. ശ്രീനിവാസൻ (കോൺഗ്രസ്), എ.വി. താമരാക്ഷൻ: 515

1996 എ.വി. താമരാക്ഷൻ (ആർ.എസ്.പി), എൻ. മോഹൻകുമാർ: 7218

2001 ടി.കെ.ദേവകുമാർ (സി.പി.എം), എ.വി. താമരാക്ഷൻ: 4187

2006 ബി. ബാബുപ്രസാദ് (കോൺഗ്രസ്), ടി.കെ. ദേവകുമാർ: 1886

2011 രമേശ് ചെന്നിത്തല (കോൺഗ്രസ്), ജി.കൃഷ്‌ണപ്രസാദ്: 5520

2016 രമേശ് ചെന്നിത്തല (കോൺഗ്രസ്), പി. പ്രസാദ്: 18621