
ആലപ്പുഴ: ദേശീയ അന്ധതാ നിയന്ത്രണ പരിപാടിയുടെ ഭാഗമായി ജില്ലയിൽ 7 മുതൽ 13 വരെ ഗ്ലോക്കോമ വാരാചരണം സംഘടിപ്പിക്കുമെന്ന് ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു. ജില്ലാതല ഉദ്ഘാടനം ജില്ലാമെഡിക്കൽ ഓഫീസർ ഡോ.എൽ.അനിതകുമാരി നിർവഹിക്കും. ജില്ല ടി.ബി.കേന്ദ്രം കോൺഫറൻസ് ഹാളിൽ 8 ന് രാവിലെ 10.30 നാണ് ചടങ്ങ് നടക്കുന്നത്.
ആംഗിൾ ക്ലോഷർ ഗ്ലോക്കോമ
കണ്ണിന്റെ മർദ്ദം പെട്ടെന്ന് കൂടി കണ്ണിന് ചുവപ്പും വേദനയും കാഴ്ചക്കുറവുമനുഭവപ്പെടുന്ന അവസ്ഥയാണ് ആംഗിൾ ക്ലോഷർ ഗ്ലോക്കോമ. സാവധാനം കണ്ണിന്റെ കാഴ്ച കുറഞ്ഞ് കാഴ്ച മണ്ഡലം ചുരുങ്ങി പൂർണമായും കാഴ്ച നഷ്ടപ്പെടാൻ സാധ്യതയുള്ള രോഗമാണിത്.
ലക്ഷണങ്ങൾ
സ്ഥിരമായ തലവേദന
കണ്ണിനു ചുറ്റുമുള്ള ചുവപ്പ്
പ്രകാശത്തിനു ചുറ്റും നിറമുള്ള വലയങ്ങൾ
അടിക്കടി കണ്ണട മാറ്റേണ്ടി വരിക
കാഴ്ചയുടെ പരിധി കുറഞ്ഞ് ഒരു കുഴലിൽ കൂടി കാണുന്ന പോലെയാകുക.
#ഈ ലക്ഷണങ്ങളുണ്ടെങ്കിൽ കണ്ണിന്റെ മർദ്ദം പരിശോധിക്കണം
40 കഴിഞ്ഞാൽ
40 വയസിനു മുകളിൽ പ്രായമുള്ളവർ, കുടുംബത്തിൽ ഈ രോഗമുള്ളവർ, പ്രമേഹം, നിശാന്ധത, കണ്ണിലെ പരിക്ക്, കണ്ണിന്റെ പവർ കൂടുന്ന ഹൈമയോപ്പിയ ഉള്ളവർ, സ്റ്റിറോയിഡ് ദീർഘകാലമുപയോഗിക്കുന്നവർ തുടങ്ങിയവരിൽ ഗ്ലോക്കോമ കൂടുതലായി കാണപ്പെടാം. ശരിയായ സമയത്ത് രോഗം തിരിച്ചറിഞ്ഞ് ചികിത്സ തേടിയാൽ രോഗത്തെ നിയന്ത്രണ വിധേയമാക്കാനാകും.
ഗ്ലോക്കോമ സ്‌ക്രീനിംഗ്
കണ്ണിലെ മർദ്ദം, കാഴ്ച മണ്ഡലം, കണ്ണിന്റെ ഞരമ്പ് എന്നിവ പരിശോധിച്ച് ഗ്ലോക്കോമ തിരിച്ചറിയുന്ന ഘട്ടമാണ് ഗ്ലോക്കോമ സ്‌ക്രീനിംഗ്. തുടർന്ന് കണ്ണിലെ പ്രഷർ കുറയ്ക്കുന്നതിനായി തുള്ളി മരുന്നുകൾ, സർജറി, ലേസർ ചികിത്സ എന്നിവ ജില്ലാതലത്തിൽ ലഭ്യമാണ്. സ്വയം ചികിത്സ പാടില്ല.
ചികിത്സ എങ്ങനെ
ലക്ഷണങ്ങൾ തിരിച്ചറിഞ്ഞാൽ നേത്രരോഗ വിദഗ്ദ്ധനെ കാണുക. മെഡിക്കൽ കോളേജ്, ആലപ്പുഴ ജനറൽ ആശുപത്രി, ജില്ലാ ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിൽ നേത്രരോഗ വിദഗ്ദ്ധരുടെ സേവനം ലഭ്യമാണ്. കൂടാതെ കുടുംബ, സാമൂഹിക, പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽ നിശ്ചിത ദിവസങ്ങളിൽ ഒപ്‌റ്റോമെട്രിസ്റ്റുകൾ കാഴ്ച പരിശോധിക്കുകയും ചെയ്യുമെന്ന് ഡി.എം.ഒ അറിയിച്ചു.