
ഇന്ന് വനിതാദിനം
ആലപ്പുഴ: തെങ്ങിൻ മുകളിലിരുന്ന് സുജാത പാടുകയാണ്...........രാരിക്കൻ രാരാരോ....രേരിക്കൻ രേരേരോ.........മഴ പെയ്യുമ്പോഴേ, നമ്മടെ കുഞ്ഞുങ്ങൾ എങ്ങനടീ?........ഇടിവെട്ടുമ്പോഴേ, നമ്മടെ കുഞ്ഞുങ്ങൾ എങ്ങനടീ?............തേങ്ങയിട്ട് കഴിയും വരെ പാട്ട് തുടരും. വീട്ടുകാർ ആവശ്യപ്പെട്ടാൽ വീണ്ടും പാടും. പാട്ട് പാടിക്കൊണ്ടാണെങ്കിൽ ദിവസം 30 തെങ്ങിൽ വരെ കയറുമെന്ന് സുജാത പറയുന്നു. ഒരു തെങ്ങ് കയറാൻ 60 രൂപയാണ് കൂലി. മണ്ണഞ്ചേരി കണ്ണച്ചാംകാവിൽ സ്വാതന്ത്ര്യസമര സേനാനിയും ഉടുക്ക് പാട്ട് കലാകാരനുമായിരുന്ന കുഞ്ഞപ്പന്റെയും ജാനകിയുടെയും മകളായ സുജാതയുടെ ഇപ്പോഴത്തെ ഉപജീവനമാർഗം തെങ്ങുകയറ്റമാണ്. കഴിഞ്ഞ ലോക്ക്ഡൗണിനു മുൻപു വരെ തിരക്കുള്ളൊരു നാടൻപാട്ട് കലാകാരി കൂടിയായിരുന്നു നാല്പത്തിയേഴുകാരിയായ സുജാത.
സ്കൂൾ കാലഘട്ടത്തിൽതന്നെ ഭക്തിഗാനമേള സംഘത്തിനൊപ്പം കലാജീവിതം ആരംഭിച്ചു. പിന്നീട് ചെമ്പകശേരി, കണ്ണകി, ഉണർവ്, നാട്ടുപുലിക തുടങ്ങിയ നാടൻപാട്ട് ട്രൂപ്പുകളിലെ പ്രധാന ഗായികയായി. ആയിരക്കണക്കിന് വേദികൾ പിന്നിട്ടു. കൊവിഡ് കാലമായതോടെ സ്റ്റേജ് കിട്ടാതെയായി. മുൻപ് കയർ ഫാക്‌ടറി തൊഴിലാളിയായും ജോലി നോക്കിയിട്ടുണ്ട്.
പണിയില്ലാതെ വന്നപ്പോഴാണ് 2014 ൽ തെങ്ങുകയറ്റം തൊഴിലാക്കിയത്. 2014 ൽ കലവൂർ സോഷ്യോ എക്കണോമിക്ക് യൂണിറ്റിൽ നിന്ന് തെങ്ങുകയറ്റത്തിൽ പരിശീലനം നേടി. ഇതിന്റെ ഭാഗമായി ലഭിച്ച യന്ത്രം ഉപയോഗിച്ചാണ് തെങ്ങുകയറ്റം.
നിരവധി സ്ത്രീകൾ പരിശീലനത്തിന് ഒപ്പമുണ്ടായിരുന്നെങ്കിലും, ആരും തെങ്ങുകയറ്റം തൊഴിലാക്കിയില്ല. ആലപ്പുഴ നഗരത്തിലും സമീപ പ്രദേശങ്ങളിലുമായി നൂറുകണക്കിന് കുടുംബങ്ങളാണ് തെങ്ങുകയറാൻ സുജാതയെ വിളിക്കാറുള്ളത്.
സഹോദരിമാർക്കൊപ്പം മണ്ണഞ്ചേരിയിലെ വീട്ടിലാണ് താമസം.
നമ്മുടെ ഇഷ്ടത്തിന് ജോലിക്കു പോകാം. ഉടൻ കൂലി ലഭിക്കും. നാടൻ പാട്ടുകളും വളരെ പ്രിയപ്പെട്ടതാണ്. പാട്ടും പാടി തെങ്ങ് കയറുമ്പോൾ കാണാൻ നാട്ടുകാർ ചുറ്റും കൂടാറുണ്ട്.
-സുജാത കുഞ്ഞപ്പൻ