
ആലപ്പുഴ: ഇടത്, വലത് മുന്നണികളെ മാറിയും മറിഞ്ഞും വരിച്ച മണ്ഡലമാണ് മാവേലിക്കര. ഇക്കുറി സിറ്റിംഗ് എം.എൽ.എ ആർ.രാജേഷിനു പകരം ഡി.വൈ.എഫ്.ഐ ജില്ലാ ട്രഷറർ എം.എസ്.അരുൺകുമാറിനെ കളത്തിലിറക്കി സീറ്റ് നിലനിറുത്താനാണ് എൽ.ഡി.എഫ് നീക്കം. ഔദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസം ഉണ്ടാകും. ഭാരതീയ ദളിത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനും മുൻ എം.എൽ.എയുമായ കെ.കെ.ഷാജുവിനാണ് യു.ഡി.എഫിൽ സാദ്ധ്യത പറഞ്ഞു കേട്ടതെങ്കിലും തുടർച്ചയായി രണ്ടുതവണ മത്സരിച്ചു തോറ്റവർക്ക് സീറ്റ് നൽകേണ്ടതില്ലെന്ന കോൺഗ്രസ് തീരുമാനം ഷാജുവിന് തിരിച്ചടിയായേക്കാം.
സംസ്ഥാന രൂപീകരണത്തിന് ശേഷം നിലവിലുണ്ടായിരുന്ന 12 ദ്വയാംഗ മണ്ഡലങ്ങളിൽ ഒന്നായിരുന്നു മാവേലിക്കര. 1965ൽ മണ്ഡല രൂപീകരണത്തിന് ശേഷം നടന്ന 13 തിരഞ്ഞെടുപ്പുകളിൽ ഏഴ് തവണ ഇടത്തും ആറുതവണ വലത്തുമായിരുന്നു മാവേലിക്കര. 2008ൽ പന്തളം നിയമസഭ മണ്ഡലത്തിന്റെ കുറച്ചു ഭാഗം കൂടി ചേർന്നു. 2011മുതൽ പട്ടികജാതി സംവരണ മണ്ഡലമായി. തുടർന്ന് നടന്ന രണ്ട് തിരഞ്ഞെടുപ്പുകളിലും ഇടതു മുന്നണിക്കായിരുന്നു വിജയം. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആർ.രാജേഷിന്റെ ഭൂരിപക്ഷം 31,542 വോട്ടായിരുന്നു. 2019ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കൊടിക്കുന്നിൽ സുരേഷ് 969 വോട്ടിന്റെ മേൽകൈ നേടി മണ്ഡലം യു.ഡി.എഫിനോട് ചേർത്തു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പാർലമെന്റ് തിരഞ്ഞെടുപ്പിനേക്കാൾ എൽ.ഡി.എഫ് നില മെച്ചപ്പെടുത്തിയെങ്കിലും നിയമസഭ തിരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ 4140 വോട്ട് കുറഞ്ഞു. യു.ഡി.എഫിന് 12,189 വോട്ട് വർദ്ധിച്ചു.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയിലെ പി.എം.വേലായുധൻ 30,929 വോട്ട് നേടി. തദ്ദേശ തിരഞ്ഞെടുപ്പിൽ എൻ.ഡി.എയുടെ വോട്ട് വിഹിതം 40,042 വോട്ടായി വർദ്ധിച്ചു. തഴക്കര, താമരക്കുളം പഞ്ചായത്തുകളിൽ ബി.ജെ.പിയാണ് പ്രധാന പ്രതിപക്ഷം. മാവേലിക്കരയിൽ എൽ.ഡി.എഫിനും നൂറനാട്, തെക്കേക്കര പഞ്ചായത്തുകളിൽ യു.ഡി.എഫിനും തുല്യം സീറ്റ് നേടാനായത് എൻ.ഡി.എയുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്. താമരക്കുളത്തും മാവേലിക്കര നഗരസഭയിലും ഭരണം നിലനിറുത്താൻ ഇടതുമുണിക്ക് കഴിഞ്ഞിട്ടില്ല.
# വോട്ടർമാർ
ആകെ: 2,00,224
പുരുഷൻ: 93,184
സ്ത്രീ: 1,07,040
# 2016ലെ തിരഞ്ഞെടുപ്പ് ഫലം
ആർ.രാജേഷ് (സി.പി.എം): 74,555
ബൈജു കലാശാല (കോൺഗ്രസ്): 43,013
പി.എം.വേലായുധൻ (ബി.ജെ.പി): 30,929
# പശ്ചാത്തലം
മാവേലിക്കര നഗരസഭ, തഴക്കര, തെക്കേക്കര, ചുനക്കര, താമരക്കുളം, നൂറനാട്, പാലമേൽ, വള്ളികുന്നം ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്ന മണ്ഡലം. താമരക്കുളവും മാവേലിക്കര നഗരസഭയും ഒഴികെ എല്ലാ പഞ്ചായത്തുകളിലും ചാരുംമൂട്, ഭരണിക്കാവ് ജില്ലാപഞ്ചായത്ത് ഡിവിഷനുകളിലും രണ്ട് ബ്ളോക്ക് പഞ്ചായത്തുകളിലും ഇടത് മുന്നണിക്കാണ് മേൽക്കൈ.
# മുൻ വിജയികൾ
1965-കെ.കെ.ചെല്ലപ്പൻ പിള്ള (കോൺഗ്രസ്)
1967-ജി.ഗോപിനാഥപിള്ള (എസ്.എസ്.പി)
1970-ജി.ഗോപിനാഥപിള്ള (ഐ.എസ്.പി)
1977-ഭാസ്കരൻനായർ (എൻ.ഡി.പി)
1980,1982,1987-എസ്.ഗോവിന്ദക്കുറുപ്പ് (സി.പി.എം)
1991,1996,2001,2006-എം.മുരളി (കോൺഗ്രസ്)
2011,2016-ആർ.രാജേഷ് (സി.പി.എം)