kk

ആലപ്പുഴ: ഇടതു, വലതു മുന്നണികൾ ഘടക കക്ഷികൾക്ക് പതിച്ചുകൊടുത്ത മണ്ഡലമാണ് കുട്ടനാട്. ഇത്തവണ സീറ്റ് ഏറ്റെടുക്കണമെന്ന് സി.പി.എമ്മിലും കോൺഗ്രസിലും ആവശ്യമുയർന്നിട്ടുണ്ടെങ്കിലും പതിവ് തുടരാനാണ് സാദ്ധ്യതയേറെ. കഴിഞ്ഞ തവണ ബി.ഡി.ജെ.എസിനാണ് എൻ.ഡി.എ സീറ്റ് നൽകിയത്. ഇത്തവണ ഇതുവരെ മൂന്നു മുന്നണികളിലും കുട്ടനാടിന്റെ കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

സീറ്റ് ജോസഫ് വിഭാഗത്തിന് നൽകുന്നതിനോട് യു.ഡി.എഫിൽ കാര്യമായ എതിർപ്പുണ്ട്. 2019ൽ തോമസ് ചാണ്ടിയുടെ മരണത്തോടെ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയെങ്കിലും, തിരഞ്ഞെടുപ്പ് കമ്മിഷൻ ഇത് വേണ്ടെന്നു വയ്ക്കുകയായിരുന്നു. എൽ.ഡി.എഫിൽ എൻ.സി.പിക്കാണ് കുട്ടനാട് സീറ്റ്. തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ.തോമസ് സ്ഥാനാർത്ഥിത്വം മുന്നിൽ കണ്ട് അനൗദ്യോഗിക പ്രചാരണം തുടങ്ങിക്കഴിഞ്ഞു. പിളർന്ന എൻ.സി.പിയുടെ 'ഇടത്' ഭാഗത്തിനൊപ്പമാണ് തോമസ്.

യു.ഡി.എഫ് സീറ്റ് കേരള കോൺഗ്രസ് ജോസഫിന്റെ കൈകളിലേക്ക് തിരിച്ചെത്തിയാൽ കഴിഞ്ഞതവണ മത്സരിച്ച അഡ്വ.ജേക്കബ് എബ്രഹാമിന് തന്നെയാണ് സാദ്ധ്യത. കുട്ടനാട്ടിൽ എൻ.ഡി.എക്ക് വേണ്ടി ബി.ഡി.ജെ.എസ് കളത്തിലിറങ്ങുമെന്ന് തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കിയിട്ടുണ്ട്. ബി.ഡി.ജെ.എസ് അദ്ധ്യക്ഷനായ തുഷാർ തന്നെ സ്ഥാനാർത്ഥിയായേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. അതേസമയം കഴിഞ്ഞ തവണ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിയായി മത്സരിച്ച സുഭാഷ് വാസുവിന്റെ വിമത നീക്കത്തിനും സാദ്ധ്യതയുണ്ട്. ഈഴവ സമുദായത്തിന് നിർണായക സ്വാധീനമുള്ള മണ്ഡലത്തിൽ കഴിഞ്ഞതവണ സുഭാഷ് വാസു മുപ്പതിനായിരം വോട്ടുകൾ നേടിയിരുന്നു. എന്നാൽ വിമത നീക്കം തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് ബി.ഡി.ജെ.എസ്. കർഷകർ തിങ്ങിപ്പാർക്കുന്ന മണ്ഡലത്തിൽ ജാതീയ വോട്ടുകൾ ഏറെ നിർണായകമാണ്. ക്രൈസ്തവ വോട്ടുകളും ഈഴവ വോട്ടുകളും കൂടുതലുള്ള മണ്ഡലത്തിൽ പതിനേഴ് ശതമാനം നായർ വോട്ടുകളുമുണ്ട്.

പ‌ഞ്ചായത്തുകൾ

 എൽ.ഡി.എഫ് - ചമ്പക്കുളം, കൈനകരി, കാവാലം, മുട്ടാർ, നീലംപേരൂർ, രാമങ്കരി, തകഴി, തലവടി, വെളിയനാട്, വീയപുരം

 യു.ഡി.എഫ് - എടത്വ, നെടുമുടി, പുളിങ്കുന്ന്

 ജില്ലാ പഞ്ചായത്തിലെ രണ്ട് ഡിവിഷനുകളും (ചമ്പക്കുളം ,വെളിയനാട്) എൽ.ഡി.എഫിന്

2016 വോട്ടുനില

 തോമസ് ചാണ്ടി (എൻ.സി.പി) - 50114

 ജേക്കബ് എബ്രഹാം (കേരള കോൺ.) - 45223

 സുഭാഷ് വാസു (ബി.ഡി.ജെ.എസ്) - 33044

ഭൂരിപക്ഷം - 4891

.....................................

വിജയചരിത്രം

 2016 - തോമസ് ചാണ്ടി (എൻ.സി.പി)

 2011 - തോമസ് ചാണ്ടി (എൻ.സി.പി)

 2006- തോമസ് ചാണ്ടി (ഡി.ഐ.സി)

 2001, 1996, 1987, 1982 - കെ.സി.ജോസഫ് (കേരള കോൺ)

 1980 - ഉമ്മൻ മാത്യു (കേരള കോൺ. ജേക്കബ്)

 1977 - ഈപ്പൻ കണ്ടകുടി (കേരള കോൺ.)

 1970 - ഉമ്മൻ തലവടി (സോഷ്യലിസ്റ്റ് പാർട്ടി)

 1967 - കെ.കെ.പിള്ള (സ്വതന്ത്രൻ)

.....................................

വോട്ടർമാരുടെ എണ്ണം (2021)

 സ്ത്രീകൾ - 85,392

 പുരുഷന്മാർ - 79,865

 ആകെ - 1,65,257