
ആലപ്പുഴ: ഇന്ധനവില വർദ്ധനവിൽ നട്ടംതിരിയുന്ന സ്വകാര്യ ബസുകൾ സി.എൻ.ജിയിലേക്ക് (കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ്) മാറുന്നതിനേപ്പറ്റി ആലോചന ദൃഢമാക്കുന്നു. ഇത് സംബന്ധിച്ച് സർക്കാരിന് കത്ത് നൽകുമെന്ന് ഉടമസ്ഥർ വ്യക്തമാക്കി.
ഡീസലിൽ ഓടുന്ന ബസുകൾ സി.എൻ.ജിയിലേക്ക് മാറ്റാൻ 5 ലക്ഷം രൂപയോളം ചെലവ് വരും. ഈ തുക പലിശ രഹിത വായ്പയായി നൽകണമെന്ന് സർക്കാരിനോട് ആവശ്യപ്പെടും. ഇത് സംബന്ധിച്ച് നേരത്തെയും സർക്കാരിന് അപേക്ഷ നൽകിയിരുന്നെങ്കിലും മറുപടി ലഭിച്ചില്ല. ഇന്ധനവില ദിനം പ്രതി കൂടി വരുന്ന സാഹചര്യത്തിലാണ് ഉടമകൾ വീണ്ടും സർക്കാരിനെ സമീപിക്കാൻ ഒരുങ്ങുന്നത്. ജില്ലയിലെ 60 ശതമാനം ബസുകളും സി.എൻ.ജിയിലേക്ക് മാറ്റാൻ സാധിക്കുന്നവയാണ്. ഇതോടെ നിലവിലെ നഷ്ടത്തിന് വലിയ മാറ്റമാണ് പ്രതീക്ഷിക്കുന്നത്.
ജില്ലയിൽ അഞ്ഞൂറോളം സ്വകാര്യ ബസുകളാണുളത്. ഇതിൽ മുന്നൂറോളം പ്രതിദിന സർവീസ് നടത്തുന്നുണ്ട്. മുമ്പ് പ്രതിദിനം 6,000 മുതൽ 9,000 രൂപ വരെ വരുമാനം ലഭിച്ചിരുന്ന ബസുകൾക്ക് ലോക്ക്ഡൗണിന് ശേഷം ലഭിക്കുന്നത് മാസം 3,000 രൂപയാണ്. ചിലവിന് കുറവുമില്ല. സംസ്ഥാനത്തെ സ്വകാര്യ ബസുകളുടെ മൂന്നുമാസത്തെ നികുതി ഒഴിവാക്കിയ നടപടി സ്വാഗതാർഹമെങ്കിലും യാത്രാമേഖലയിലെ പ്രശ്‌നങ്ങൾക്ക് പരിഹാരമാകുന്നില്ലെന്ന് ബസ് ഉടമകൾ പറയുന്നു.
..................................
ബസുകൾ സി.എൻ.ജിയിലേക്ക് മാറുമ്പോൾ ചിലവ് വലിയ രീതിയിൽ കുറയാൻ സാദ്ധ്യതയുണ്ട്. എന്നാൽ സി.എൻ.ജി പമ്പുകൾ ജില്ലയിൽ കുറവാണ്. അതിനാൽ സ്വകാര്യ ബസുകൾ സർവീസ് നടത്തുന്ന താലൂക്കുകളിൽ അത്തരം പമ്പുകളും ആരംഭിക്കണം
പി.ജെ. കുര്യൻ, കേരള ബസ് ട്രാൻസ്പോർട്ട് അസോസിയൻ ജില്ലാ പ്രസിഡന്റ്