
ആലപ്പുഴ: ജുവലറിയിലും ബേക്കറിയിലും അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെ മോഷണം നടത്തിയ സ്ത്രീകൾ ഉൾപ്പെട്ട നാലംഗ സംഘത്തെ വള്ളികുന്നം പൊലീസ് അറസ്റ്റു ചെയ്തു. ഇവർ സഞ്ചരിച്ച കാറും ആയുധങ്ങളും പൊലീസ് പിടിച്ചെടുത്തു.
കരുനാഗപ്പള്ളി കാരൂർക്കടവ് മീതുഭവനത്തിൽ നിധിൻ (23), ഇലിപ്പക്കുളം തോട്ടിങ്കൽ കിഴക്കതിൽ സജിലേഷ് (22), എറണാകുളം കുമ്പളങ്ങി താന്നിക്കൽ പ്രീത (31), തിരുവനന്തപുരം വെഞ്ഞാറുംമൂട് പൂവൻവിളവത്ത് അനു (38) എന്നിവരെയാണ് വള്ളികുന്നം സി.ഐ ഡി.മിഥുന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. വെള്ളിയാഴ്ച പുലർച്ചെ 2.30ന് വള്ളികുന്നം ചുനാട് തെക്കേ ജംഗ്ഷനിലെ ജാസ്മിൻ ജുവലറിയിലും സിറ്റി ബേക്കറിയിലുമാണ് മോഷണങ്ങൾ നടത്തിയത്. ജാസ്മിൻ ജുവലറിയുടെ ഷട്ടർ ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർത്ത് അകത്ത് കടന്ന സംഘം ലോക്കർ തകർക്കാൻ നടത്തിയ ശ്രമത്തിനിടെ എന്തോ ശബ്ദം കേട്ടതിനെ തുടർന്ന് ശ്രമം ഉപേക്ഷിച്ചു. തുടർന്ന് തോട്ടടുത്തുള്ള സിറ്റി ബേക്കറി കുത്തിത്തുറന്ന് 20,000ൽ പരം രൂപയുടെ സാധനങ്ങൾ കവർന്നു. സംഭവത്തെ കുറിച്ച് വ്യക്തമായ ഒരുതെളിവും ഇല്ലാതെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
പൂട്ട് തകർക്കാൻ ഉപയോഗിച്ച സർജിക്കൽ ഒക്‌സിജൻ സിലിണ്ടർ കടയുടെ സമീപത്ത് നിന്ന് കണ്ടെടുത്തിരുന്നു. അന്വേഷണത്തിൽ ഒക്‌സിജൻ സിലിണ്ടർ മോഷ്ടിച്ചതാണെന്ന് കണ്ടെത്തി.സമീപത്തെ സിസി ടിവിയിലെ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വാഹനത്തെകുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചതോടെയാണ് പ്രതികൾ കെണിയിലായത്. പ്രദേശത്ത് വീണ്ടും മോഷണം നടത്താനുള്ള പദ്ധതിയുമായി കാറിൽ വന്ന പ്രതികളെ ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ കായംകളത്തിന് കിഴക്ക് അഞ്ചാംകുറ്റി ഭാഗത്തു നിന്നാണ് പൊലീസ് പിടികൂടിയത്. മോഷണത്തിന് ഉപയോഗിച്ച മുഴുവൻ ആയുധങ്ങളും പൊലീസ് കണ്ടെടുത്തു. വെഞ്ഞാറമൂട് സ്വദേശിനിയായ പ്രീതയെ വിവാഹം ചെയ്തയച്ച കുമ്പളങ്ങിയിലായിരുന്നു. ഇവർ കഴിഞ്ഞ കുറേ നാളായി കരുനാഗപ്പള്ളിയിലെ വിവിധ സ്ഥലങ്ങളിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. പ്രീതയും അനുവും ബന്ധുക്കളാണ്. വാഹന പരിശോധനകൾക്കിടെ പിടിക്കപ്പെടുമ്പോൾ കുടുംബത്തോടൊപ്പം യാത്രപോകുകയാണെന്ന് പറഞ്ഞ് രക്ഷപ്പെടുകയാണ് പതിവ്. ഇതിന് മുമ്പ് രണ്ട് മോഷണ കേസുകളിൽ സംഘം ഉൾപ്പെട്ടിട്ടുണ്ട്. എറണാകുളത്ത് പണം തട്ടിപ്പ് നടത്തിയ സംഘമാണോയെന്ന് പൊലീസ് പരിശോധിക്കുകയാണ്. ഇന്നലെ കോടതയിൽ ഹാജരാക്കി. ചെങ്ങന്നൂർ ഡിവൈ എസ്.പി ഡോ. ആർ.ജോസിന്റെ നിർദ്ദേശപ്രകാരമാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്. എസ്.ഐ അൻവർ സാദത്ത് സിവിൽ പൊലീസുകാരായ മനീഷ്, ജിഷ്ണു, ഷാജി എന്നിവരും സംഘത്തിലുണ്ടായിരുന്നു.