kettukazhcha
തെർമ്മോക്കോളിൽ നിർമ്മിച്ച ജോഡിക്കാളകൾ

ചാരുംമൂട്: പതിനാറു കരകളുടെ പ്രൗഢി വിളിച്ചോതുന്ന മനോഹര കെട്ടുകാഴ്ചകളായ ജോഡിക്കാളകളെ തെർമോക്കോളിൽ നിർമ്മിച്ച് ശിവരാത്രി നാളിൽ പടനിലം ക്ഷേത്രത്തിലെത്തിക്കാൻ കാത്തിരിക്കുകയാണ് പ്രശാന്തൻ എന്ന കലാകാരൻ. തത്തംമുന്ന കരയിലെ അംഗവും നിർമ്മാണ തൊഴിലാളിയുമായ മൂന്നുമൂലയിൽ പുത്തൻ വീട്ടിൽ പ്രശാന്തനാണ് തെർമ്മോക്കോളിൽ കെട്ടുകാഴ്ചകളായ ജോഡിക്കാളകളെ രൂപപ്പെടുത്തിയിരിക്കുന്നത്.

11നാണ് നൂറനാട് പടനിലം പരബ്രഹ്മ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം. ക്ഷേത്രവുമായി ബന്ധപ്പെട്ട് 18 കരകളാണുള്ളതെങ്കിലും 16 കരകളിൽ നിന്നാണ് കെട്ടുകാഴ്ചകളെത്തിക്കൊണ്ടിരിക്കുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ശിവരാത്രിക്ക് ക്ഷേത്രത്തിൽ കരകളിൽ നിന്നുള്ള കെട്ടുകാഴ്ചകളില്ല. പകരം ചടങ്ങിനായി ക്ഷേത്ര ഭരണ സമിതി ഒരു കെട്ടുകാഴ്ച തയ്യാറാക്കും. ഈ സാഹചര്യത്തിലാണ് പ്രശാന്തൻ 16 കരകളെയും പ്രതീകാത്മമായി പ്രതിനിധീകരിക്കും വിധം കെട്ടുകാഴ്ചകൾ നിർമ്മിച്ചിരിക്കുന്നത്. ജോലി കഴിഞ്ഞുള്ള സമയം വി​നി​യോഗി​ച്ച് രണ്ടു മാസം കൊണ്ടായിരുന്നു നിർമ്മാണം. ഒരടിയിൽ താഴെ പൊക്കം വരുന്നതാണ് ഈ കെട്ടുകാഴ്ചകൾ.

ശിവരാത്രി നാളിൽ രാവിലെ വീട്ടുകാരും ബന്ധുക്കളും അയൽക്കാരുമൊക്കെ ചേർന്ന് കെട്ടുകാഴ്ചകളെ ക്ഷേത്രത്തിലെത്തിക്കുവാനാണ് തീരുമാനം.

20 വർഷത്തോളം കേരളത്തിന് പുറത്ത് ജോലി ചെയ്തിരുന്ന പ്രശാന്തൻ കഴിഞ്ഞ 15 വർഷമായി നാട്ടിലുണ്ട്. ചെറുപ്പത്തിലേ ശില്പ നിർമ്മാണത്തിൽ താത്പര്യം കാട്ടിയിരുന്ന പ്രശാന്തൻ പടനിലം ക്ഷേത്രത്തിൽ നടക്കുന്ന ഉത്സവത്തിന് ദേവ രൂപങ്ങളും മറ്റും നിർമ്മിച്ച് ക്ഷേത്രത്തിലെത്തിച്ചിരുന്നു. രോഹിണിയാണ് ഭാര്യ.