
ആലപ്പുഴ: താറാവ് കച്ചവടം സജീവമാകുന്ന ഈസ്റ്റർ ആഘോഷം അടുത്തെത്തവേ, താറാവുകൾക്ക് പക്ഷിപ്പനിയെന്ന കള്ളത്തരം പ്രചരിപ്പിക്കാൻ ചിലർ തയ്യാറെടുപ്പ് തുടങ്ങിയെന്ന ആക്ഷേപവുമായി ഒരു കൂട്ടം കർഷകർ. രോഗം വന്ന താറാവുകൾക്ക് പ്രായം അനുസരിച്ച് മികച്ച നഷ്ടപരിഹാരം ലഭിക്കുമെന്ന ഉറപ്പുള്ളതിനാൽ ചെറിയ രോഗങ്ങളെ പോലും പൊലിപ്പിച്ച് കാണിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നാണ് ആരോപണം. ദേശാടനപ്പക്ഷികളിൽ നിന്ന് പകരുന്നതെന്ന് കരുതപ്പെടുന്ന പക്ഷിപ്പനി ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും, സ്ഥിരമായി ചില കർഷകരുടെ മാത്രം താറാവുകൾക്ക് രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നതിൽ സംശയമുണ്ടെന്നും ഇവർ പറയുന്നു.
ഒരു നെല്ലും മീനും പോലെ കാർഷിക മേഖലയിൽ ആവിഷ്കരിച്ചിരിക്കുന്ന പല പദ്ധതികളും താറാവ് കൃഷിയെ പിന്നോട്ട് വലിച്ചിട്ടുണ്ട്. പാടശേഖരങ്ങളുടെ പുറംബണ്ട് നിർമ്മാണം ഉൾപ്പടെ നിരവധി ആനുകൂല്യങ്ങൾ ഇത്തരം പദ്ധതികൾക്ക് ലഭിക്കുന്നത് കർഷകരെ അവയിലേക്ക് ആകർഷിക്കുകയാണ്. കുട്ടനാട്ടിലെ ചമ്പക്കുളം, തകഴി ഉൾപ്പടെ വിവിധ ഭാഗങ്ങളിൽ താറാവ് കൃഷി പുനരാരംഭിച്ചിട്ടുണ്ട്. മിക്ക കർഷകരുടേയും താറാവുകൾക്ക് ഒന്നരമാസം വരെ വളർച്ചയെത്തിയിട്ടുണ്ട്. ഈസ്‌റ്റർ സീസൺ ലക്ഷ്യമിട്ടാണ് താറാവുകളെ ഇറക്കിയിരിക്കുന്നത്. ഇതിനോടകം പാടശേഖര സമിതിക്കും തീറ്റയ്‌ക്കുമായി കർഷകർ നല്ലൊരുതുക ചെലവഴിച്ചിട്ടുണ്ട്. പക്ഷിപ്പനി വീണ്ടും എത്തിയില്ലെങ്കിൽ ഇക്കുറിയെങ്കിലും നഷ്‌ടമില്ലാതെ മുന്നോട്ടുപോകാൻ കഴിയുമെന്നാണ് കർഷകരുടെ കണക്കുകൂട്ടൽ.
ഇൻഷ്വറൻസ് പേരിൽ മാത്രം
ഓരോ സീസണിലും നിനച്ചിരിക്കാതെ പക്ഷിപ്പനി എത്തുമ്പോൾ തകരുന്നത് കുട്ടനാടൻ താറാവ് എന്ന ബ്രാൻഡാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളിൽ പനിയെ തുടർന്ന് കൊന്നൊടുക്കിയത് പതിനായിരക്കണക്കിന് താറാവുകളെയാണ്. താറാവിന് ഇൻഷ്വറൻസ് പരിരക്ഷയും മറ്റ് സഹായങ്ങളും നൽകണമെന്നാണ് കർഷകരുടെ ആവശ്യം. വൈറസ് പരത്തുന്ന പക്ഷിപ്പനിക്കും പ്ലേഗിനും പുറമേ ബാക്ടീരിയ പടർത്തുന്ന രോഗങ്ങളും കുട്ടനാട്ടിലെ താറാവുകളിൽ വില്ലനാകുന്നുണ്ട്. റൈമറല്ല, പാസ്റ്ററല്ല തുടങ്ങിയവയാണ് അവയിൽ ചിലത്. കൂടാതെ, തീറ്റയിലെ പൂപ്പലിൽ നിന്നുള്ള വിഷബാധയേറ്റും താറാവുകൾ വർഷാവർഷം ചാകുന്നുണ്ട്. ഉചിതമായ നഷ്ടപരിഹാരം ലഭിക്കുമെന്ന പ്രതീക്ഷ മാത്രമാണ് കർഷകർക്ക് ഏക ആശ്വാസം.
കർഷകന് നഷ്ടം
കുട്ടനാടൻ ബ്രാൻഡ് താറാവിന് മികച്ച മാർക്കറ്റ് ലഭിക്കുന്നുണ്ടെങ്കിലും അതിന് തക്ക നേട്ടം കർഷകർക്ക് ലഭിക്കുന്നില്ല. ഒരു താറാവിന് 175 - 200 രൂപ പ്രകാരം കർഷകർ വിൽക്കുമ്പോൾ, ഇടനിലക്കാരൻ 250 രൂപ ഈടാക്കും. ഇറച്ചി ഡ്രസ് ചെയ്ത് വിൽപ്പന നടത്തുമ്പോൾ വില 320ലേക്ക് കുതിക്കും.
................................
# പക്ഷിപ്പനി നഷ്ട പരിഹാരം
60 ദിവസത്തിലധികം പ്രായമുള്ള താറാവ്: 200 രൂപ
60 ദിവസത്തിൽ താഴെയുള്ളവ: 100 രൂപ
....................................
കാർഷിക മേഖലയെ ആശ്രയിക്കുന്ന മറ്റുള്ളവരെ പോലെ തന്നെ താറാവ് വളർത്തുന്നവരെയും കർഷകരായി അംഗീകരിക്കണം. തുടർച്ചയായി നഷ്ടം നേരിടുന്ന മേഖലയ്ക്ക് ഇൻഷ്വറൻസ് പരിരക്ഷയും നൽകണം
താറാവ് കർഷകൻ, ചമ്പക്കുളം