t

ആലപ്പുഴ: കരിങ്കല്ലിന്റെയും ടാറിന്റെയും ക്ഷാമം മൂലം ജില്ലയിലെ മത്സ്യബന്ധന തുറമുഖങ്ങളുടെയും തീരദേശ റോഡുകളുടെയും നിർമ്മാണം ഇഴയുന്നു. ഹാർബർ എൻജിനീയറിംഗ് വിഭാഗത്തിന്റെ കീഴിലുള്ള 50ൽ അധികം റോഡുകളുടെ നിർമ്മാണമാണ് പ്രതിസന്ധിയിലായത്. ഇതിനായി വകുപ്പ് 20 കോടി നീക്കി വച്ചിട്ടുണ്ട്.കൊവിഡിനെ തുടർന്ന് ക്വാറികളുടെ പ്രവർത്തനം നിറുത്തിവച്ചതാണ് കല്ലിന് ക്ഷാമമുണ്ടാക്കിയത്.

വലിയഴീക്കൽ, തോട്ടപ്പള്ളി, അർത്തുങ്കൽ തുറമുഖങ്ങളിലെ പുലിമുട്ടുകളുടെ നീളം വർദ്ധിപ്പിക്കുന്ന പ്രവൃത്തികൾ ഭാരമുള്ള കല്ലിന്റെ ലഭ്യതക്കുറവ് മൂലം കഴിഞ്ഞ മാർച്ച് മുതൽ മുടന്തുകയാണ്. തോട്ടപ്പള്ളി മത്സ്യബന്ധന തുറമുഖത്തിന്റെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഓഖി ദുരിതാശ്വാസ ഭാഗമായി തീരദേശ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 13.30 കോടി അനുവദിച്ചിരുന്നു. നിലവിൽ തുറമുഖത്തിന്റെ തെക്കേ പുലിമുട്ടിൽ നിന്നു 250 മീറ്റർ നീളം രണ്ടാം ഘട്ട നിർമ്മാണത്തിന്റെ ഭാഗമായി വർദ്ധിപ്പിക്കും. കൂടാതെ പുലിമുട്ടിന്റെ സംരക്ഷണത്തിനായി അറ്റകുറ്റപ്പണികൾ, മണലടിയുന്നത് തടയാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയവയും രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിൽ തുറമുഖത്തിന്റെ മുൻഭാഗത്ത് വള്ളങ്ങൾക്കും ബോട്ടുകൾക്കും കയറാൻ കഴിയാത്ത തരത്തിൽ മണൽ അടിഞ്ഞു കിടക്കുകയാണ്. നിലവിൽ ചെറുവള്ളങ്ങൾക്ക് മാത്രമേ തുറമുഖത്തിനകത്തേക്ക് പ്രവേശിക്കാൻ കഴിയുകയുള്ളു. മണൽ നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള പദ്ധതികൾ മന്ത്രി ജി.സുധാകരൻ മുൻകൈയെടുത്താണ് തയ്യാറാക്കിയത്. ജില്ലയിലെ അരലക്ഷത്തിൽ അധികം മത്സ്യബന്ധന വള്ളങ്ങൾക്കും ബോട്ടുകൾക്കും പദ്ധതിയുടെ ഗുണം ലഭിക്കും.

അർത്തുങ്കൽ മത്സ്യബന്ധന തുറമുഖത്തിന്റെ രണ്ടാം ഘട്ട നിർമാണത്തിന് 26.22 കോടി രൂപയാണ് നീക്കി വച്ചത്. തെക്കേപുലിമുട്ടിന്റെ ശേഷിക്കുന്ന പണികൾ പൂർത്തിയാക്കും. പദ്ധതിയുടെ ബാക്കി പ്രവൃത്തികളായ തെക്കേപുലിമുട്ട് ചെയിനേജ് 595 മീറ്റർ മുതൽ 1250 മീറ്റർ വരെയും വടക്കേ പുലിമുട്ട് ചെയിനേജ് 260 മീറ്റർ മുതൽ 450 മീറ്റർ വരെയും പൂർത്തീകരിക്കേണ്ടതുണ്ട്. അനുബന്ധ ഘടകങ്ങളായ വാർഫ്, ലേലഹാൾ, വാട്ടർടാങ്ക്, ടോയ്‌ലെറ്റ് ബ്‌ളോക്ക്, അപ്രോച്ച് റോഡ്, കവേർഡ് ലോഡിംഗ് ഏരിയ എന്നിവ പൂർത്തിയാക്കാൻ 121 കോടിയുടെ എസ്റ്റിമേറ്റ് അംഗീകാരത്തിനായി കാത്തുകിടക്കുകയാണ്.

 കായംകുളത്തും കുഴപ്പം

കായംകുളം മത്സ്യബന്ധന തുറമുഖത്തിന്റെ സ്ഥിതിയും ഇതു തന്നെ. പുലിമുട്ടുകളുടെ അറ്റകുറ്റപ്പണിക്കും ആഴം വർദ്ധിപ്പിക്കലിനും മുൻഗണന നൽകിയാണ് പദ്ധതി അംഗീകരിച്ചത്. എന്നാൽ നിർമ്മാണ സാമഗ്രികൾ ലഭ്യമാവാത്തത് തിരിച്ചടിയായിരിക്കുകയാണ്. മെറ്റലിംഗ് കഴിഞ്ഞ റോഡുകളിൽ ടാർ ചെയ്യാനാവാത്തത് പൊടിപടല ശല്യം രൂക്ഷമാക്കിയിട്ടുണ്ട്.

.........................


ബ്രേക്ക് വാട്ടർ നിർമ്മാണത്തിന് ഭാരമുള്ള കല്ല് കിട്ടാനുള്ള തടസവും ടാർ ലഭിക്കാത്തതുമാണ് നിർമ്മാണ പ്രവർത്തനങ്ങൾ വൈകുന്നതിന് കാരണം

എക്സിക്യുട്ടീവ് എൻജിനീയർ, ഹാർബർ എൻജിനീയറിംഗ് വിഭാഗം