ആലപ്പുഴ: സമൂഹത്തിലെ അധികാര അവകാശങ്ങളിൽ നേരിടുന്ന അവഗണന പരിഗണനയാക്കി മാറ്റാൻ ഓരോ വനിതയും പരിശ്രമിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം പന്തളം യൂണിയൻ പ്രസിഡന്റ് അഡ്വ. സിനിൽ മുണ്ടപ്പള്ളി പറഞ്ഞു. യൂണിയൻ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ വനിതാ ദിനത്തോടനുബന്ധിച്ച്, മികച്ച സേവനം നടത്തിയ ആരോഗ്യ പ്രവർത്തകർക്ക് നൽകുന്ന സ്ത്രീ ശാക്തീകരണ പുരസ്കാരം വിതരണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സമരങ്ങളുടെ പരുക്കൻ ശബ്ദത്തെ സ്നേഹിക്കുന്ന സഹോദരിമാർ സമൂഹത്തിൽ ഉയർന്നുവരണം.ജോലിക്കു വേണ്ടി സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യാൻ വന്ന ഒരു സാധാരണ വനിത സമര നേതാവായി വിജയക്കൊടി പാറിച്ചാണ് തിരിച്ചു പോയത്. സമരങ്ങളുടെ രാഷ്ട്രീയം പറയുന്ന ഭരണകൂടത്തെ പിടിച്ചുലയ്ക്കാൻ അവർക്കു കഴിഞ്ഞു. ഇതാണ് ആർജ്ജവം. ഇതായിരിക്കണം സ്ത്രീ നിലപാട്. ഇത്തരം സഹോദരിമാരുടെ കൂട്ടായ്മയാണ് സമൂഹത്തിൽ ഉയർന്നു വരേണ്ടതെന്നും സിനിൽ മുണ്ടപ്പള്ളി പറഞ്ഞു. വനിതാ സംഘം യൂണിയൻ സെക്രട്ടറി സുമ വിമൽ അദ്ധ്യക്ഷത വഹിച്ചു. പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനിൽ മുഖ്യപ്രഭാഷണവും യൂണിയൻ കൗൺസിലർ സുരേഷ് മുടിയൂർക്കോണം സംഘടനാ സന്ദേശവും നൽകി. പന്തളം തെക്കേക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് റാഹേൽ മുഖ്യാതിഥി ആയിരുന്നു. തുമ്പമൺ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഗീതാ റാവു, പൂഴിക്കാട് ശാഖാ സെക്രട്ടറി ശ്രീകാന്ത് എന്നിവർ സംസാരിച്ചു. ഡോ. ശ്രീകല, ഡോ. അലിഷ, ഡോ. അനീമിയ അലക്സ്, ആരോഗ്യ പ്രവർത്തകരായ ബിന്ദു, ജിഷ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് സുഗതകുമാരി, സിന്ധു, വിജയശ്രീ, ഷീജ എന്നിവർക്ക് സ്ത്രീശാക്തീകരണ പുരസ്കാരം വിതരണം ചെയ്തു.