
ആലപ്പുഴ: കടലമ്മ കനിയാത്തതിനാൽ വള്ളങ്ങളും ബോട്ടുകളും കടലിൽ പോകുന്നതിന് മയപ്പെടുത്തിയതോടെ ജില്ലയിലെ നൂറിൽ അധികം വരുന്ന ഐസ് പ്‌ളാന്റുകൾ പ്രവർത്തന രഹിതമായി. 550 തൊഴിലാളി കുടുംബങ്ങളും ഉടമകളും ഇതോടെ ബുദ്ധിമുട്ടിലായി.
ന്യൂന മർദ്ദം, കാലാവസ്ഥാ വ്യതിയാനം, ഓഖി, ചുഴലിക്കാറ്റ്, കൊവിഡ് എന്നിവ മൂലം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മത്സ്യബന്ധന മേഖലയെ നിശ്ചലമാക്കിയതോടെ പ്ളാന്റുകൾ മാസങ്ങളോളം അടച്ചിട്ടതിന് പിന്നാലെയാണ് മത്സ്യത്തിന്റെ കുറവ് മറ്റൊരു പ്രതിസന്ധിയായത്. ചെമ്മീൻ വ്യവസായ യൂണിറ്റുകളും പീലിംഗ് ഷെഡുകളും കൂടുതലുള്ള അരൂർ, വളഞ്ഞവഴി മേഖലയിലാണ് ജില്ലയിലെ പകുതിയിൽ അധികം പ്‌ളാന്റുകൾ പ്രവർത്തിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം ഐസ് പ്‌ളാന്റ് ഉടമകൾ മേഖല ഉപേക്ഷിച്ചു തുടങ്ങി. 500 ബ്‌ളോക്ക് ഐസ് ഉത്പാദിപ്പിക്കാൻ കഴിയുന്ന ഒരു പ്‌ളാന്റ് നിർമ്മിക്കാൻ ഒന്നേകാൽ കോടിയിൽ അധികം രൂപ ചെലവഴിക്കേണ്ടി വരും. പ്‌ളാന്റ് പൂർണ്ണമായും നിശ്ചലമായതോടെ ബാങ്ക് വായ്പ അടയ്ക്കാൻ കഴിയാത്ത അവസ്ഥയിലാണ്. പലിശ കൂടുന്നതിനാൽ പല ഉടമകളും യന്ത്രങ്ങൾ പൊളിച്ച് നീക്കിത്തുടങ്ങി. പ്‌ളാന്റ് പ്രവർത്തിച്ച കെട്ടിടം സിമന്റ്, കാലിത്തീറ്റ കമ്പനികൾക്ക് ഗോഡൗണിനായി നൽകിയവരുണ്ട്. കമ്പനികൾ വലിയതുക അഡ്വാൻസ് നകിയാണ് കെട്ടിടം വാടയ്ക്കെടുക്കുന്നത്. മാസം 30,000 രൂപ വരെ വാടക ലഭിക്കും. 300 ബ്ളോക്കിന്റെ പുതിയ പ്ളാന്റ് നിർമ്മിക്കാൻ കുറഞ്ഞത് ഒരു കോടിയിലധികം രൂപ വേണ്ടി വരും.
ജൂൺ മുതൽ ഓക്ടോബർ വരെയാണ് സീസൺ. അഞ്ച് ദിവസം കരയിൽ എത്താതെയുള്ള മത്സ്യബന്ധനത്തിന് പോകുന്ന ബോട്ടിൽ 250 ബ്‌ളോക്ക് ഐസ് ശേഖരിക്കും. വില്പന നടന്നില്ലെങ്കിലും പ്ളാന്റ് നിശ്ചിത സമയങ്ങളിൽ പ്രവർത്തിക്കേണ്ടിവരുന്നതിനാൽ വൈദ്യുതി ചാർജ് മറ്റൊരു ഭാരമാണ്.
.............................................
ജില്ലയിൽ ഏറെയും ചെറിയ പ്ളാന്റുകൾ
പ്രതിദിനം 100 മുതൽ 500 വരെ ബ്‌ളോക്കുകൾ ഉത്പാദിപ്പിക്കാം
ചില പ്ളാന്റുകളിൽ മാത്രം 1000 ബ്ളോക്ക് വരെ
50 കിലോ ബ്ളോക്ക് പാകമാകാൻ മുമ്പ് വേണ്ടിയിരുന്നത് 24 മണിക്കൂർ
ഒന്നിലധികം കംപ്രസർ ഉള്ളതിനാൽ നിലവിൽ 12 മണിക്കൂർ
സൂസണിൽ ദിവസം മൂന്നു തവണവരെ ഉത്പാദനം
ഒരു ഐസ് ബ്ളോക്കിന്റെ വില 65 രൂപ
.........................................
# മുടങ്ങാതെ ശമ്പളം
പ്രവർത്തിക്കുന്നില്ലെങ്കിലും പ്രാന്റിലെ രണ്ട് ഓപ്പറേറ്റർമാർക്കും സഹായികൾക്കും കുറഞ്ഞ തോതിലെങ്കിലും വേതനം നൽകുന്നുണ്ട്. അറ്റകുറ്റപ്പണി, ഫിക്‌സഡ് വൈദ്യുതി ചാർജ്, വെള്ളക്കരം എന്നിവയും വഹിക്കേണ്ടിവരും. വരുമാനം ഇല്ലെങ്കിലും പ്രതിമാസം ഒന്നര ലക്ഷം രൂപ ഉടമകൾ ചെലവഴിക്കുന്നുണ്ട്.
......................................
മത്സ്യബന്ധന തുറമുഖങ്ങൾ, ഫിഷ്‌ലാൻഡിംഗ് സെന്റർ, മിനി ഹാർബറുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് സർക്കാർ ഉടമസ്ഥതയിലുള്ള ഐസ് പ്‌ളാന്റുകൾ പ്രവർത്തന സജ്ജമാക്കണം. സ്വകാര്യ പ്‌ളാന്റുകളേക്കാൾ കുറഞ്ഞ നിരക്കിൽ ഐസ് നൽകാനായി സ്ഥാപിച്ച പ്ളാന്റുകളാണ് തുരുമ്പെടുത്ത് നശിക്കുന്നത്
മത്സ്യത്തൊഴിലാളികൾ
...................................
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് ഐസ് പ്‌ളാന്റ് മേഖലയിലെ തൊഴിലാളികളും ഉടമകളും. പ്രശ്‌നങ്ങൾ പരിഹരിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണം
കെ.പി.സോമൻ, ഐസ് പ്‌ളാന്റ് ഉടമ, തോട്ടപ്പള്ളി