മുട്ടകൾ വേഗം ചീത്തയാവുന്നു
ആലപ്പുഴ: ചൂട് കനത്തതോടെ മുട്ട വേഗം ചീത്തയാകുന്നതും മുട്ടയുടെ ഉപഭോഗം കുറഞ്ഞതും സ്വയംതൊഴിലെന്നോണം കോഴി, താറാവ് വളർത്തലിനിറങ്ങി മുട്ടയിലൂടെ വരുമാനം കണ്ടെത്തിയിരുന്ന വീട്ടമ്മമാർ അടക്കമുള്ള കർഷകരെ നിരാശപ്പെടുത്തുന്നു. കുട്ടനാട്ടിലും കരുവാറ്റയിലും പക്ഷിപ്പനി സ്ഥിരീകരിച്ച സമയം മുട്ട കൂട്ടത്തോടെ നശിപ്പിക്കേണ്ടി വന്നതും ഇവർക്ക് തിരിച്ചടിയായിരുന്നു.
കുട്ടനാട്,കഞ്ഞിക്കുഴി ഭാഗങ്ങളിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ കോഴി,താറാവ് വളർത്തൽ സജീവമാണ്. സാധാരണ ഗതിയിൽ ഏപ്രിലോടെയാണ് ചൂടിന്റെ ശല്യം കർഷകർ നേരിട്ടിരുന്നത്. ഇത്തവണ ഫെബ്രുവരി അവസാനത്തോടെ തന്നെ കടുത്ത ചൂട് അനുഭവപ്പെട്ടു തുടങ്ങി. നാടൻ കോഴിമുട്ട ഒന്നിന് ഏഴ് രൂപവരെ ലഭിച്ചിരുന്നതാണ്. നിലവിൽ നാടൻ മുട്ടയ്ക്കും ആവശ്യക്കാർ കുറഞ്ഞു. പല സ്ഥലങ്ങളിലും അഞ്ച് രൂപ പോലും കർഷകർക്ക് ലഭിക്കുന്നില്ല. പെട്ടന്ന് കേടാകാത്തതിനാൽ വരവ് മുട്ടയോടാണ് വ്യാപാരികൾക്ക് താത്പര്യം.
തുടരുന്ന പ്രതിസന്ധികളോട് പടവെട്ടേണ്ട അവസ്ഥയിലാണ് കുട്ടനാട്ടിലേയും അപ്പർകുട്ടനാട്ടിലേയും താറാവ് കർഷകർ. കനത്ത ചൂട് ഇനി താറാവുകളെയും ബാധിക്കും. താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങാനുള്ള സാദ്ധ്യതയുമുണ്ട്. കാലുകൾ തളരുന്ന രോഗമാണ് താറാവുകളെ അലട്ടുന്നത്. ജില്ലയിൽ ഒരാഴ്ചയായി ശരാശരി 35 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തുന്നത്. ഇനിയുള്ള ദിവസങ്ങളിൽ 38 ഡിഗ്രി വരെ ഉയരാം.
................................
₹ 550: മുട്ടക്കോഴിത്തീറ്റ വില (20 കിലോ)
₹ 250: ലോക്ക്ഡൗണിനു മുമ്പുള്ള വില
......................................
നിരാശയിൽ വീട്ടമ്മമാർ
കഴിഞ്ഞ അഞ്ച് വർഷത്തിനിടെയാണ് നിരവധി വീട്ടമ്മമാർ ഉൾപ്പെടെയുള്ളവർ മുട്ടക്കോഴി കൃഷിയിലേക്ക് കടന്നുവന്നത്. ബി.വി 380, കൈരളി, ഗ്രാമശ്രീ, ഗ്രാമപ്രിയ എന്നീ ഇനങ്ങളാണ് കൂടുതലും. ബി.വി 380, കൈരളി എന്നിവ മുട്ട ഉത്പാദനത്തിൽ ഏറെ മുന്നിലാണ്. ഇവയുടെ മുട്ട ഗുണമേന്മയിലും ഒന്നാം സ്ഥാനത്താണ്. കാട, താറാവ് എന്നിവയുടെ മുട്ടയ്ക്കും ആവശ്യക്കാർ കുറഞ്ഞു. കനത്ത ചൂടിനെ തുടർന്ന് പാടശേഖരങ്ങളിലും മറ്റും താറാവുകളെ തീറ്റയ്ക്കായി ഇറക്കാൻ കഴിയാത്ത അവസ്ഥയാണ്. തീറ്റയ്ക്ക് അധിക തുക കണ്ടെത്തേണ്ട ഗതികേടിലാണ് താറാവ് കർഷകർ.
.........................................
കോഴി,താറാവ് കർഷകരെ പക്ഷിപ്പനി ദുരിതത്തിലാക്കിയിരുന്നു. കരകയറി വരുന്ന സാഹചര്യത്തിലാണ് ഇത്തവണ താപനില താറാവ് കൃഷിക്ക് തിരിച്ചടിയാണ്. ചൂട് കൂടുതലായാൽ മുട്ട പെട്ടെന്ന് ചീഞ്ഞ് പോകും. താറാവുകൾക്ക് രോഗം പടരാൻ സാദ്ധ്യതയുണ്ട്. തീറ്റ ഇനത്തിലും ചെലവ് കൂടുതലാണ്
(കുട്ടപ്പൻ, താറാവ് കർഷകൻ-തകഴി )