അമ്പലപ്പുഴ: എസ്.എൻ.ഡി.പി യോഗം കഞ്ഞിപ്പാടം പതിനാറാം നമ്പർ ശാഖ പ്രസിഡന്റ് പി.എസ്.ബിജുവിനു നേരെയാണ് ഗുണ്ടാ ആക്രമണം. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ഓടെ കൊപ്പാറക്കടവ് പാലത്തിന് കിഴക്കു ഭാഗത്തായിരുന്നു സംഭവം.
ബൈക്കിൽ എസ്.എൻ കവലയിൽ പോയി മടങ്ങി വരവെ ബിജുവിനെ ഹെൽമറ്റ് ധരിച്ചെത്തിയ രണ്ടു പേർ തടഞ്ഞു നിറുത്തുകയായിരുന്നു. ബിജുവിനോട് ഹെൽമറ്റ് മാറ്റാൻ ആവശ്യപ്പെടുകയും ഹെൽമറ്റ് മാറ്റിയ ഉടൻ തലയ്ക്കടിക്കുകയുമായിരുന്നു. ബൈക്കിൽ നിന്നു മറിഞ്ഞുവീണ് കൈക്കും കാലിനും പരിക്കേറ്റു. ബൈക്കിന്റെ പുകക്കുഴലിൽ കാൽ തട്ടി പൊള്ളലേൽക്കുകയും ചെയ്തു.അമ്പലപ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. അമ്പലപ്പുഴ പൊലീസിൽ പരാതി നൽകി.പ്രദേശത്ത് ക്വട്ടേഷൻ സംഘങ്ങൾ വ്യാപകമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.