t

ആലപ്പുഴ: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയിൽപ്പെടുന്ന സാഹചര്യങ്ങളിൽ, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ വികസിപ്പിച്ചെടുത്ത സീ വിജിൽ ആപ്പ് വഴി പൊതുജനങ്ങൾക്ക് പരാതി സമർപ്പിക്കാം.

പണം, മദ്യം, മറ്റു ലഹരി വസ്തുകൾ, പാരിതോഷികങ്ങൾ എന്നിവയുടെ വിതരണം, ഭീഷണിപ്പെടുത്തൽ, മതസ്പർദ്ധയുണ്ടാക്കുന്ന പ്രസംഗങ്ങൾ, പെയ്ഡ് ന്യൂസ്, വോട്ടർമാർക്ക് സൗജന്യ യാത്രയൊരുക്കൽ, അനധികൃതമായി പ്രചാരണ സാമഗ്രികൾ പതിക്കൽ തുടങ്ങി പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പരിധിയിൽ വരുന്ന ഏതു പ്രവൃത്തിക്കെതിരെയും പൊതുജനങ്ങൾക്ക് ഈ സംവിധാനത്തിലൂടെ പരാതി നൽകാം.പ്ലേ സ്റ്റോറിൽ നിന്നു ഡൗൺലോഡ് ചെയ്യുന്ന ആപ്ലിക്കേഷനിൽ തത്സമയ ചിത്രങ്ങൾ, രണ്ടു മിനിറ്റു വരൈ ദൈർഘ്യമുള്ള വീഡിയോകൾ, ശബ്ദരേഖകൾ എന്നിവയും സമർപ്പിക്കാവുന്നതാണ്. ജി.ഐ.എസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന സംവിധാനത്തിൽ ലൊക്കേഷൻ ലഭ്യമാകുന്നതിനാൽ അന്വേഷണവും പരിഹാര നടപടികളും വേഗത്തിലാക്കാൻ സാധിക്കും.

പരാതികൾ കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലാണ് ആദ്യം ലഭിക്കുക. ഉടൻതന്നെ അതത് നിയോജക മണ്ഡലങ്ങളിലെ സക്വാഡുകൾക്ക് കൈമാറും.ഫ്ലയിംഗ് സ്‌ക്വാഡ്, ആന്റി ഡീഫേയ്സ്മെന്റ് സ്‌ക്വാഡ്, സ്റ്റാറ്റിക് സർവൈലൻസ് ടീം എന്നിവരാണ് പരാതികളെക്കുറിച്ച് അന്വേഷിക്കുന്നത്. അന്വേഷണം നടത്തുന്ന സ്‌ക്വാഡ് അതത് വരണാധികാരിക്ക് മൊബൈൽ ആപ്ലിക്കേഷനിലൂടെ തന്നെ റിപ്പോർട്ട് നൽകും.

 പരാതിക്കു പിന്നാലെ നടപടി

അന്വേഷണ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് വരണാധികാരി നടപടി സ്വീകരിക്കും. പരാതിയിൽ സ്വീകരിച്ച തുടർ നടപടി സംബന്ധിച്ച വിവരം 100 മിനിറ്റിനുള്ളിൽ പരാതിക്കാരനെ അറിയിക്കും. സമർപ്പിക്കുമ്പോൾ ലഭിക്കുന്ന യുണീക് ഐഡി ഉപയോഗിച്ച് പരാതി ട്രാക്ക് ചെയ്യാനും കഴിയും.അജ്ഞാത പരാതിക്കാർക്ക് പരാതിയുടെ സ്ഥിതി മൊബൈലിൽ അറിയാൻ കഴിയില്ല. എന്നാൽ ഇവർക്ക് അതത് റിട്ടേണിംഗ് ഓഫീസർമാരെ നേരിട്ട് ബന്ധപ്പെട്ടാൽ വിവരം ലഭിക്കുന്നതാണ്.സി വിജിൽ ആപ്പ് വഴി 632 പരാതികൾ ലഭിച്ചിട്ടുണ്ട്.