കൊല്ലം: ട്രെയിനിൽ നിന്ന് മൊബൈൽ മോഷ്ടിച്ച ശേഷം രക്ഷപ്പെട്ട മോഷ്ടാവിനെ പിടികൂടാൻ സഹായിച്ച ഓട്ടോഡ്രൈവറെ ആർ.പി.എഫ് ആദരിച്ചു. ഹരിപ്പാട് റയിൽവേ സ്റ്റാൻഡിലെ ഡ്രൈവർ ലതീഷിനെയാണ് കൊല്ലത്ത് നടന്ന ചടങ്ങിൽ എസ്.പി എസ്.രാജേന്ദ്രൻ ആദരിച്ചത്.
കഴിഞ്ഞ മൂന്നിന് വൈകിട്ട് മൂന്നരയോടെ മാവേലി എക്സ്പ്രസ്സിൽ നിന്ന് മൊബൈൽ മോഷ്ടിച്ചശേഷം ഹരിപ്പാട് സ്‌റ്റേഷനിൽ ഇറങ്ങിയോടിയ മോഷ്ടാവ് കയറിയത് ലതീഷിന്റെ ഓട്ടോയിലായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഇറങ്ങാൻ കഴിയാതിരുന്നതിനാൽ കായംകുളം റയിൽവേ സ്റ്റേഷനിൽ എത്തിക്കണമെന്ന് ആവശ്യപ്പെട്ടു. കായംകുളത്തെത്തിയപ്പോൾ പണമില്ലെന്ന് പറഞ്ഞു. ഈ സമയം മോഷ്ടാവിന്റെ കയ്യിലിരുന്ന ഫോണിലേക്കൊരു കോൾ വന്നു. ഫോൺ പിടിച്ചുവാങ്ങി ലതീഷ് സംസാരിച്ചപ്പോൾ മറുവശത്ത് ആർ.പി.എഫ് ഉദ്യോഗസ്ഥനായിരുന്നു. മോഷ്ടാവാണെന്നും പോകാൻ അനുവദിക്കരുതെന്നുമുള്ള നിർദ്ദേശത്തെത്തുടർന്ന് മോഷ്ടാവിനെ തടഞ്ഞുവച്ച് ആർ.പി.എഫിന് കൈമാറുകയായിരുന്നു. പിന്നീട് കൊല്ലം റെയിൽവേ പൊലീസ് സ്‌റ്റേഷനിലെത്തിച്ച മോഷ്ടാവ് പൊലീസിനെ വെട്ടിച്ചുകടക്കാൻ ശ്രമിച്ചെങ്കിലും ആർ.പി.എഫ് ഉദ്യോഗസ്ഥൻ ജിജോവർഗ്ഗീസ്, റെയിൽവേ പൊലീസ് ഉദ്യോഗസ്ഥൻ യേശുദാസ് എന്നിവരുടെ നേതൃത്വത്തിൽ പിടികൂടി. ഇവരെയും ചടങ്ങിൽ ആദരിച്ചു.
ഡിവൈ എസ്.പി.മാരായ പ്രശാന്ത്, സുശാന്തൻ, ജോർജ്ജ് ജോസഫ്, സി.ഐ.മാരായ ഇഗ്‌നേഷ്യസ്, സാം ക്രിസ്പിൻ, ആർ.പി.എഫ് സി.ഐ രജനി നായർ, സ്റ്റേഷൻ മാനേജർ ജി.ഗോപകുമാർ എന്നിവർ പങ്കെടുത്തു.