മാവേലിക്കര- രണ്ടര മാസം നീണ്ടുനിന്ന ഓണാട്ടുകരയുടെ ഉത്സവാഘോഷമേളങ്ങൾക്ക് സമാപനം കുറിച്ച് 17ന് ചെട്ടികുളങ്ങര ക്ഷേത്രത്തിൽ അശ്വതി അടിയന്തിരം നടക്കും. മീന ഭരണി ദിവസം വെളുപ്പിന് ഭഗവതിയുടെ കൊടുങ്ങല്ലൂർ യാത്ര അയപ്പോടെയാണ് ഈ വർഷത്തെ ഉത്സവ ആഘോഷങ്ങൾ സമാപിക്കുന്നത്.
കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ ഈ വർത്തെ അശ്വതി മഹോത്സവത്തിന്റെ ഭാഗമായ കെട്ടുകാഴ്ചകൾ ഉണ്ടാകില്ല. അശ്വതി ദിനം വൈകിട്ട് ചെറുമാളിയേക്കൽ ഇറക്കി പൂജ, ഈരേഴ വടക്ക് കുതിരച്ചുവട്ടിൽ അൻപൊലി, മേനാമ്പള്ളി കരയോഗ ആസ്ഥാനത്ത് പോളവിളക്ക് അൻപൊലി, കൈത തെക്ക് പോളവിളക്ക് അൻപൊലി എന്നിവക്ക് ശേഷം തെക്കേ പോള വിളക്കിനായി ഭഗവതി എഴുന്നള്ളും. തെക്കേ പോള വിളക്കിന് ശേഷം ദീപാരാധനയും അത്താഴപൂജയും കഴിഞ്ഞ് ഭഗവതി വടക്കേ പോള വിളക്കിനായി എഴുന്നള്ളും. വടക്കേ പോള വിളക്കിന് ശേഷമാണ് കൊടുങ്ങല്ലൂർ അമ്മയെ കാണുന്നതിന് യാത്ര ചോദിക്കുന്നതിനായി ഭഗവതി എഴുന്നള്ളുന്നത്ത് നടത്തുന്നത്.
തുടർന്ന് അതിപ്രശസ്തവും വികാരനിർഭരവുമായ ഭഗവതിയുടെ യാത്ര അയപ്പ് ചടങ്ങ് നടക്കും. ഇതോടു കൂടി ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവാഘോഷങ്ങൾക്ക് പരിസമാപ്തി കുറിക്കും. പൂർണ്ണമായും കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് മാത്രം ആയിരിക്കും അശ്വതി മഹോത്സവം നടത്തുക. ഭക്തജനങ്ങളെ പ്രവേശിപ്പിക്കുന്നതിനും കർശന നിയന്ത്രണം ഉണ്ടാകും.