
ആലപ്പുഴ: കൊവിഡ് ഭീതിയും നിയന്ത്രണങ്ങളും ഒന്ന് കുറഞ്ഞുവെന്ന ആശ്വാസമാണ് പൊതുവെയുള്ളതെങ്കിലും ഓഡിറ്റോറിയം ഉടമകളുടെ ദുരിതകാലത്തിന് ഇനിയും അറുതിയായില്ല. കൊവിഡും ലോക്ക് ഡൗണും കാരണം കഴിഞ്ഞ മാർച്ച് മുതൽ അടഞ്ഞുകിടക്കുകയായിരുന്ന ഓഡിറ്റോറിയങ്ങൾ ഇളവുകൾ വന്നതോടെ തുറന്നെങ്കിലും ഇവിടെ നടക്കുന്ന ചടങ്ങുകൾ കുറവാണ്. വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകൾ ഓഡിറ്റോറിയങ്ങൾ ഒഴിവാക്കി ജനം വീടുകളിൽ തന്നെ നടത്തുവാൻ തുടങ്ങിയതാണ് ഓഡിറ്റോറിയം ഉടമകളെ പ്രതിസന്ധിയിലാക്കിയത്.
മാർച്ച് മുതൽ മേയ് വരെയുള്ള മാസങ്ങൾ വിവാഹസീസൺ ആണ്. ഇത്തവണ മാർച്ചിൽ ഒരു ബുക്കിംഗ് മാത്രം ലഭിച്ച ഓഡിറ്റോറിയങ്ങളും ജില്ലയിലുണ്ട്. മാനേജർ, സെക്യൂരിറ്റി, ക്‌ളീനിംഗ് ജീവനക്കാർ എന്നിവർക്ക് ശമ്പളയിനത്തിൽ പ്രതിമാസം നല്ലൊരു തുക ഉടമകൾ നൽകേണ്ടിവരുന്നു. ഇതിന് പുറമേ ബാങ്ക് വായ്പ അടക്കമുള്ള തിരിച്ചടവിൽ കുടിശിക വന്നതും ഉടമകളെ കടുത്ത സാമ്പത്തിക ബാദ്ധ്യതയിലാക്കി. . ജില്ലയിലെ ഭൂരിപക്ഷം ഓഡിറ്റോറിയങ്ങളുടെയും വാടക 10,000 മുതൽ 50,000രൂപ വരെയാണ്. ശീതീകരിച്ച ഓഡിറ്റോറിയങ്ങൾക്ക് മാത്രമാണ് ഒരുലക്ഷത്തിൽ അധികം വാടക ഈടാക്കുന്നത്. പാർക്കിംഗ് സൗകര്യം ഉൾപ്പെടെ 1000 പേർ ഇരിക്കാവുന്ന ഹാളും സദ്യാലയവും ഉൾപ്പെടെയുള്ള ഓഡിറ്റോറിയത്തിന്റെ നിർമ്മാണ ചെലവ് നാലു കോടിയോളമാവും. 18 ശതമാനമാണ് ആഡംബര നികുതി.എ.സി, നോൺ എ.സി വിഭാഗങ്ങളിലായി ജില്ലയിൽ സ്വകാര്യമേഖലയിൽ ഉള്ളത് 100ൽ അധികം ഓഡിറ്റോറിയങ്ങളാണ്. പുറമേ ക്ഷേത്രങ്ങളുടെയും സാമുദായിക, മതസംഘടനകളുടെയും ഉടമസ്ഥതയിലും നൂറോളം ഓഡിറ്റോറിയങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
ചെറിയ പന്തൽ, ഭക്ഷണം പൊതിയാക്കി
അതിഥികളെ ഇരുത്തി ഭക്ഷണം നൽകുന്നതിന് പകരം പാഴ്സലായി ൽകിവിടുകയാണ് ഇപ്പോൾ മിക്ക വിവാഹവീടുകളിലും ചെയ്യുന്നത്. വീട്ടുമുറ്റത്ത് കുറഞ്ഞ ചെലവിൽ പന്തൽ കെട്ടിയാൽ മതി.
200
ജില്ലയിൽ ആകെയുള്ള ഓഡിറ്റോറിയങ്ങൾ
ഇരുന്നൂറോളം
സ്വകാര്യ ഓഡിറ്റോറിയങ്ങൾ: 100
ക്ഷേത്രം, സമുദായ സംഘടനകൾ: 98 (എല്ലാം നോൺ എ.സി)
ചെലവ്
ശമ്പളയിനം: പ്രതിമാസം 45,000 രൂപ
കെട്ടിട നികുതി: 25,000 മുതൽ 1,00000 ലക്ഷം വരെ
"സർക്കാർ പ്രഖ്യാപിച്ച ഇളവിനെ സ്വാഗതം ചെയ്യുന്നു. അടഞ്ഞു കിടക്കുന്ന ദിവസങ്ങളിലെ കെട്ടിടനികുതിയും വൈദ്യുതി ചാർജും പൂർണമായും ഒഴിവാക്കണം. ഇപ്പോൾ പ്രഖ്യാപിച്ച ഇളവ് ഓഡിറ്റോറിയങ്ങളുടെ പ്രവർത്തനത്തിന് ഗുണകരമല്ല.
മുരളി, ധന്യ ഓഡിറ്റോറിയം ഉടമ