തുടർച്ചയായ വൈദ്യുതി മുടക്കത്തിനെതിരെ വാട്ടർ അതോറിട്ടി അധികൃതർ
ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ, തകഴി ഭാഗത്തെ അടക്കം അറ്റകുറ്റപ്പണികളിൽ എൺപത് ശതമാനവും പൂർത്തീകരിച്ച് പമ്പിംഗ് പുനരാരംഭിച്ചെങ്കിലും, നഗരത്തിലും സമീപ പഞ്ചായത്തുകളിലും വെള്ളം ലഭിക്കാത്തതിന് കാരണം തുടർച്ചയായുണ്ടാകുന്ന വൈദ്യുതി തടസമെന്ന് വാട്ടർ അതോറിട്ടി അധികൃതർ.
കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ പകൽ സമയത്ത് തുടർച്ചയായി വൈദ്യുതി മുടങ്ങുകയാണ്. ഇത് മൂലം ചെറിയ തോതിൽ മാത്രമാണ് പമ്പിംഗ് നടത്താൻ സാധിക്കുന്നത്. 65 ലക്ഷം രൂപ കെ.എസ്.ഇ.ബിയിൽ കെട്ടിവച്ച് നിരണം സബ് സ്റ്റേഷനിൽ നിന്ന് കടപ്ര പമ്പ് ഹൗസിലേക്ക് മാത്രം ലൈൻ വലിച്ചിട്ടുണ്ട്. എന്നാൽ ചെറിയ കാര്യങ്ങൾക്കു പോലും ഈ ലൈൻ ഉൾപ്പടെ കെ.എസ്.ഇ.ബി മണിക്കൂറുകളോളം ഓഫ് ചെയ്യുകയാണെന്നാണ് പരാതി. പമ്പ് ഹൗസിലെ വലിയ പമ്പുകൾ ഓഫ് ചെയ്യുന്നതിനു മുമ്പ് വാൽവുകൾ അടയ്ക്കേണ്ടതുണ്ട്. അപ്രതീക്ഷിതമായി വൈദ്യുതി നിലയ്ക്കുന്നതിനാൽ പൈപ്പ് ലൈനിൽ അമിത വേഗത്തിലുള്ള ഓളമുണ്ടായി പമ്പ് സെറ്റ് കേടാവുന്നതിനും, പൈപ്പ് പൊട്ടലിനും കാരണമാകുന്നുവെന്ന് ജലവിഭവ വകുപ്പ് അധികൃതർ പരാതിപ്പെടുന്നു.
ആശ്രയം ആർ.ഒ പ്ളാന്റ്
വീടുകളിൽ കിണറോ, കുഴൽക്കിണറോ ഇല്ലാത്ത കുടുംബങ്ങളും, ഹോട്ടലുകളടക്കം വ്യാപാര സ്ഥാപനങ്ങളും വെള്ളത്തിന് വേണ്ടി നെട്ടോട്ടത്തിലാണ്. നഗരസഭയും ഇതര സംഘടനകളും ടാങ്കുകളിൽ ഓരോ പ്രദേശത്തും കുടിവെള്ളം ഏത്തിക്കുന്നുണ്ടെങ്കിലും ഇത് പര്യാപ്തമാകുന്നില്ലെന്ന് ജനം പരാതിപ്പെടുന്നു. ആർ.ഒ പ്ലാന്റുകളിൽ നിന്ന് വിലയ്ക്ക് വാങ്ങുന്ന വെള്ളം ഉപയോഗിച്ചാണ് നഗരത്തിലെ പല കുടുംബങ്ങളും പ്രാഥമികാവശ്യങ്ങൾ പോലും നിറവേറ്റുന്നത്.
..............................
നിസാര പ്രശ്നങ്ങളുടെ പേരിൽ കടപ്രയിലേക്കുള്ള വൈദ്യുതി വിതരണം തടസപ്പെടുന്നതാണ് നിലവിൽ പമ്പിംഗ് മുടങ്ങാനും കുടിവെള്ള ക്ഷാമം രൂക്ഷമാകാനും കാരണം
വാട്ടർ അതോറിട്ടി അധികൃതർ
...........................
നഗരത്തിലെ വാർഡുകളെ അഞ്ച് സർക്കിളുകളായി തിരിച്ച് അഞ്ച് ടാങ്കുകൾ ഉപയോഗിച്ചാണ് വെള്ളം വിതരണം ചെയ്യുന്നത്. ഹെൽത്ത് ഇൻസ്പെക്ടർമാർക്കാണ് ചുമതല നൽകിയിരിക്കുന്നത്. വാർഡ് കൗൺസിലർമാർ ആവശ്യപ്പെടുന്ന മുറയ്ക്ക് ഓരോ സ്ഥലത്തുമെത്തി ജലവിതരണം നടത്തുന്നുണ്ട്
സൗമ്യ രാജ്, നഗരസഭാദ്ധ്യക്ഷ