s

ആലപ്പുഴ: മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയ്ക്കുള്ള ചോദ്യപേപ്പറുകൾ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ എത്തി. ഇത് ലോക്കറുകളിൽ സൂക്ഷിച്ചിരിക്കുകയാണ്. പരീക്ഷയുടെ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് ജില്ലാ കളക്ടർ എ.അലക്‌സാണ്ടറുടെ അദ്ധ്യക്ഷതയിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം കളക്ടറേറ്റിൽ ചേർന്നു. ജില്ലയിലെ നാല് ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ നിന്നായി ആകെ 22083 കുട്ടികൾ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയ്ക്ക് ഇരിക്കുന്നത് മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ നിന്നുമാണ്. കുറവ് കുട്ടികൾ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽ നിന്നും. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് പ്രകാരം ജില്ലയിലെ വിവിധ ട്രഷറികളിലും ബാങ്കുകളിലുമാണ് ചോദ്യപേപ്പർ സൂക്ഷിച്ചിരിക്കുന്നത്. കഴിഞ്ഞവർഷം ജില്ലയിൽ 21594 കുട്ടികളാണ് പരീക്ഷയെഴുതിയത്. പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും സൂപ്രണ്ടുമാർക്കും പ്രത്യേക പരിശീലനം നേരത്തെ പൂർത്തിയാക്കിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ വി.ആർ.ഷൈല യോഗത്തിൽ പറഞ്ഞു.

പരാതികൾക്ക് ഇടയില്ലാത്ത വിധം പരീക്ഷ നടത്തുന്നതിന് കർശനമായ നിർദ്ദേശം ജില്ലാ കളക്ടർ നല്കി. പരീക്ഷാ സ്‌ക്വാഡ് ജോലിക്ക് സെക്രട്ടറിയേറ്റ് തലത്തിലും ജില്ലാ തലത്തിലും ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്.

പരീക്ഷ തീരുന്ന അതത് ദിവസം ഉത്തരക്കടലാസുകൾ ശേഖരിച്ച് പോസ്റ്റ് ഓഫീസുകളിൽ എത്തിക്കും. ഇതിനായി വൈകിയും പോസ്റ്റ് ഓഫീസിൽ ക്രമീകരണങ്ങൾ വരുത്താൻ നിർദ്ദേശിച്ചു. കൂടാതെ ചോദ്യപ്പേപ്പറുകളുടെ നീക്കത്തിന് ആവശ്യമായ പൊലീസ് സംരക്ഷണം ഏർപ്പെടുത്താനും തീരുമാനിച്ചു. 17ന് പരീക്ഷ ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് ഇപ്പോൾ നടത്തുന്നത്.

പരീക്ഷകൾ ഉച്ചയ്ക്ക് ശേഷം

എല്ലാ ദിവസവും ഉച്ചയ്ക്ക് ശേഷമാണ് പരീക്ഷ. 1.40 മുതൽ 20 മിനിട്ട് കൂൾ ടൈം ആയിരിക്കും. രണ്ടു മണിക്കാണ് പരീക്ഷ തുടങ്ങുന്നത്. 12, 13 തീയതികളിൽ ലോക്കറിൽ സൂക്ഷിക്കുന്ന ചോദ്യ പേപ്പറുകളുടെ സോർട്ടിംഗ് നടക്കും. 15, 16 തീയതികളിൽ പരീക്ഷ നടക്കുന്ന സ്‌കൂളുകൾ കൊവിഡ് മാനദണ്ഡപ്രകാരം വൃത്തിയാക്കുന്നതിനും സാനിറ്റൈസ് ചെയ്യുന്നതിനും തദ്ദേശഭരണസ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ നിർദേശം നൽകി. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിന് പി.ടി.എയുടെയും മറ്റും സഹകരണം തേടും.

.......

രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ

ആലപ്പുഴ ............. 6458

മാവേലിക്കര........7173

ചേർത്തല..............6373

കുട്ടനാട്.................. 2079

......

ആകെ വിദ്യാർത്ഥികൾ.....22083

ആൺകുട്ടികൾ.....................11585

പെൺകുട്ടികൾ..................... 10498

.........

പരീക്ഷാ കേന്ദ്രങ്ങൾ................199