
ആലപ്പുഴ : ആലപ്പുഴ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥി പി.പി.ചിത്തരഞ്ജനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതിനു പിന്നിൽ രാഷ്ട്രീയ ബുദ്ധി പ്രവർത്തിച്ചിട്ടുണ്ടെന്ന് മന്ത്രി തോമസ് ഐസക്ക് പറഞ്ഞു. ഇതേക്കുറിച്ച് പാർട്ടി അന്വേഷിക്കും. 20 വർഷക്കാലം ഒരേ മണ്ഡലത്തെ പ്രതിനിധീകരിച്ചയാളെന്ന നിലയിൽ, താൻ മത്സരരംഗത്ത് നിന്ന് മാറുന്നതിൽ ജനങ്ങൾക്കുണ്ടാകുന്ന പ്രതിഷേധം സ്വാഭാവികമാണ്. വിവാദങ്ങൾക്ക് അൽപ്പായുസേ ഉള്ളൂവെന്നും ഇത് തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എത്ര കേന്ദ്ര ഏജൻസികളെ നിരത്തി പരേഡ് നടത്തിയാലും കേരളത്തിൽ ബി.ജെ.പിയുടെ നില ഉയരാൻ പോകുന്നില്ല. നിലവിലുള്ള ഒരു സീറ്റ് പോലും യു.ഡി.എഫുമായുള്ള നീക്ക് പോക്ക് മൂലം ലഭിച്ചതാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിൽ മത്സരം എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണ്. എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.പി.ചിത്തരഞ്ജനുമായാണ് അദ്ദേഹം വാർത്താ സമ്മേളനത്തിനെത്തിയത്.
രണ്ട് തവണ തുടർച്ചയായി മത്സരിച്ചവർ മാറി നിൽക്കണമെന്ന് പറയാനുള്ള ആർജ്ജവം സി.പി.എമ്മിന് മാത്രമാണുള്ളത്. അതൊരിക്കലും കോൺഗ്രസിന് സാധിക്കില്ല. സി.പി.എമ്മിന്റെ തണ്ണീർമുക്കം മുൻ പഞ്ചായത്ത് പ്രസിഡന്റ് ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിയായതിനെ കുറിച്ചുള്ള ചോദ്യത്തിന് ചിലരെ വിലയ്ക്ക് വാങ്ങാൻ കഴിയുമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പല വട്ടം സി.പി.എം സ്ഥാനാർത്ഥിയായി മത്സരിച്ചയാളാണ്. ഒരുവട്ടം മാറി നിൽക്കാൻ പറഞ്ഞതിനാണ് മറുകണ്ടം ചാടിയത്. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനെതിരെ പാർട്ടി നടപടിയെടുത്തിരുന്നതായും മന്ത്രി കൂട്ടിച്ചേർത്തു. രാജ്യസഭയിലേക്ക് തന്നെ പരിഗണിക്കുമോയെന്ന കാര്യങ്ങളൊക്കെ പാർട്ടിയാണ് തീരുമാനിക്കുന്നതെന്നും ഐസക്ക് പറഞ്ഞു.