ആലപ്പുഴ : സർക്കാർ ഖജനാവിൽ നിന്ന് കോടികൾ മുടക്കി നടത്തുന്ന ബിനാലെയിൽ ഇടതുപക്ഷത്തോട് ചേർന്നു നിൽക്കുന്നവർക്കു മാത്രം അവസരം നൽകുന്നത് കലാകാരന്മാരോടുള്ള നീതി നിഷേധമാണെന്ന് ശിൽപി അജയൻ കാട്ടുങ്കൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേരള ലളിതകലാ അക്കാദമിയെ പൂർണമായും ഒഴിവാക്കി സ്വകാര്യ വ്യക്തികൾ നടത്തുന്ന ബിനാലെ ഫൗണ്ടേഷൻ പോലുള്ള കോർപറേറ്റ് സംഘങ്ങൾക്ക് കോടികൾ നൽകുന്ന സർക്കാർ നടപടിയെ ചോദ്യം ചെയ്യേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി സ്വതന്ത്ര കാഴ്ചപ്പാടുള്ള മുന്നൂറോളം കലാകാരന്മാർ ഒത്തൊരുമിച്ച് കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ കലാപ്രദർശനങ്ങൾ സംഘടിപ്പിക്കും. ട്രാൻസ്പെരന്റ് എന്നു പേരിട്ടിരിക്കുന്ന എക്സിബിഷന്റെ ആദ്യത്തെ പ്രദർശനം ആലപ്പുഴ ലളിതകലാ അക്കാദമിയിലാണ്. ഈ മാസം എട്ടിന് ആരംഭി.ച്ച് 30 വരെയാണ് പ്രദർശനങ്ങൾ സംഘടിപ്പിക്കുക. പാർട്ടി സെക്രട്ടറി നൽകുന്ന ലിസ്റ്റിലെ കലാകാരന്മാരെ മാത്രമാണ് ബിനാലെയിൽ പങ്കെടുപ്പിച്ചിരിക്കുന്നത്. പൊതു ഇടങ്ങൾ മുഴുവൻ ബിനാലെയ്ക്ക് എഴുതി കൊടുത്തിരിക്കുന്ന അവസ്ഥയാണ് ഇന്ന് കേരളത്തിലുള്ളത്. കോടികൾ മുടക്കി ധൂർത്തടിച്ചു നടത്തുന്ന ബിനാലെ പോലുള്ള മാമാങ്കങ്ങൾ വെറും തെരഞ്ഞെടുപ്പ് കാമ്പയിൻ മാത്രമാണെന്നും അജയൻ കാട്ടുങ്കൽ പറഞ്ഞു. കലയെ രാഷ്ട്രീയ വത്ക്കരിക്കുകയാണ് ബിനാലെയിലൂടെ ചെയ്യുന്നതെന്ന് കലാകരൻ ടി.ആർ ഉദയ കുമാർ പറഞ്ഞു. മുപ്പതോളം കലാകാരന്മാരാണ് ആലപ്പുഴയിൽ ട്രാൻസ്പെരന്റ് പ്രദർശനത്തിന്റെ ഭാഗമാകുന്നത്. സജിത് പനയ്ക്കൻ, അനിൽ ജയൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.