s

കായംകുളം: പ്രാദേശിക സി.പി.എമ്മിലെയും ഡി.വൈ.എഫ്.ഐയിലെയും എതിർസ്വരങ്ങൾ മറികടന്ന് സ്ഥാനാർത്ഥിപ്പട്ടികയിൽ ഇടംപിടിച്ച യു. പ്രതിഭയ്ക്ക് കായംകുളം മണ്ഡലത്തിൽ ഇത് രണ്ടാമൂഴം. എൻ.ഡി.എ സ്ഥാനാർത്ഥിയായി എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയൻ സെക്രട്ടറി പി.പ്രദീപ് ലാലിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാൽ യു.ഡി.എഫ് സ്ഥാനാർത്ഥിയെ സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്.

യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മുൻ അംഗവുമായ അരിതാ ബാബുവിനാണ് യു.ഡി.എഫിൽ സാദ്ധ്യത. ഡി.സി.സി പ്രസിഡന്റ് എം.ലിജു, കെ.പി.സി.സി സെക്രട്ടറി അഡ്വ.എ. ത്രിവിക്രമൻ തമ്പി എന്നിവരും പട്ടികയിലുണ്ട്. ത്രിവിക്രമൻ തമ്പിയെ അമ്പലപ്പുഴയിലും പരിഗണിക്കുന്നുണ്ട്. എന്നാലും പ്രതിഭയെ നേരിടാൻ അരിതാബാബു വേണമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നത്.

പാർട്ടി ഏരിയ ഘടകത്തിന്റെയും മുതിർന്ന നേതാക്കളുടെയും ഡി.വൈ.എഫ്.ഐയുടെയും എതിർപ്പുകൾ അവഗണിച്ചാണ് സി.പി.എം സംസ്ഥാന നേതൃത്വം പ്രതിഭയെ കളത്തിലിറക്കിയിരിക്കുന്നത്. മുതിർന്ന നേതാക്കളോടുപോലും ഫേസ് ബുക്കിൽ കൊമ്പുകോർത്ത പ്രതിഭ നവ മാദ്ധ്യമ രംഗത്ത് ഏറെ എതിർപ്പുകൾ സമ്പാദിച്ചിരുന്നു. തകഴി പള്ളിനാൽപ്പട വീട്ടിൽ പുരുഷോത്തമന്റെയും ഉമയമ്മയുടെയും മകളാണ്. പരേതനായ ഹരിയാണ് ഭർത്താവ്. മകൻ കനിവ്. നിയമ വിദ്യാർത്ഥിനി ആയിരിക്കെ തകഴി ഗ്രാമ പഞ്ചായത്തിലേക്ക് മത്സരിച്ച് വിജയിച്ചു. അടുത്ത തിരഞ്ഞെടുപ്പിൽ പഞ്ചായത്ത് പ്രസിഡന്റായി. തുടർന്ന് നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ആലപ്പുഴ ജില്ലാ പഞ്ചായത്തിലെ വെളിയനാട് ഡിവിഷനിൽ നിന്നു വിജയിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി. സി.പി.എം തകഴി ഏരിയകമ്മിറ്റി അംഗം, ജനാധിപത്യ മഹിള സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.