
ചേർത്തല: കോൺഗ്രസിൽ നിന്ന് രാജിവെച്ച പി.സ. ചാക്കോയെ ബി.ഡി.ജെ.എസിലേക്ക് സ്വാഗതം ചെയ്യുന്നതായി അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ചേർത്തലയിൽ നടന്ന സംസ്ഥാന നേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാക്കോ പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കാൻ തയ്യാറായാൽ അർഹമായ പരിഗണന നൽകുമെന്നും തുഷാർ പറഞ്ഞു. ബി.ഡി. ജെ.എസ് മത്സരിക്കുന്ന വൈക്കം മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി അജിതാ സാബുവിനെ തീരുമാനിച്ചു. കേരള കോൺഗ്രസ്(എം)വിട്ട് ബി.ഡി. ജെ.എസിൽ ചേർന്ന അജിത കോട്ടയം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റാണ്. സി.പി.എം വിട്ട് എൻ.ഡി.എ സ്വതന്ത്ര സ്ഥാനാർത്ഥിയായി ചേർത്തലയിൽ മത്സരിക്കുന്ന അഡ്വ.പി.എസ്.ജ്യോതിസിനും വൈക്കം മണ്ഡലത്തിലെ സ്ഥാനാർത്ഥി അജിതാ സാബുവിനും അംഗത്വം നൽകി. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ. പത്മകുമാർ, അഡ്വ.സിനിൽ മുണ്ടപ്പള്ളി, എ.എൻ. അനുരാഗ്,സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സന്തോഷ് അരയകണ്ടി, പൈലി വാദ്ധ്യാട്ട്, രാജേഷ് നെടുമങ്ങാട്, സന്ദീപ് പച്ചയിൽ,ട്രഷറർ അനിരുദ്ധ് കാർത്തികേയൻ എന്നിവരും ജില്ലാ പ്രസിഡന്റുമാരും പങ്കെടുത്തു.