
ആലപ്പുഴ : കാലിത്തീറ്റയ്ക്ക് ചാക്കൊന്നിന് നൽകി വന്നിരുന്ന 150 രൂപ സബ്സിഡി മിൽമ പിൻവലിച്ചത് ക്ഷീരകർഷകർക്ക് കനത്ത തിരിച്ചടിയായി. കഴിഞ്ഞ ഡിസംബർ മുതലാണ് സബ്സിഡി നിറുത്തലാക്കിയത്.
കാലിത്തീറ്റയുടെ തീവിലയ്ക്കു പുറമേ വൈക്കോലിന്റെ ലഭ്യതക്കുറവും ക്ഷീരകർഷകരെ ദുരിതത്തിലാക്കുന്നു. കടുത്ത ചൂടും വേനൽക്കാല രോഗങ്ങളും കാരണം പശുക്കളിൽ പാൽ ഉത്പാദനം കുറവാണ്. പ്രളയദുരിതാശ്വാസ ഫണ്ടിൽ നിന്ന് അനുവദിച്ച തുകയായിരുന്നു ക്ഷീരോത്പാദക സഹകരണ സംഘങ്ങളിൽ പാൽ അളക്കുന്ന കർഷകർക്ക് മിൽമ സബ്ഡിഡിയായി നൽകി വന്നിരുന്നത്. അനുവദിച്ച ഫണ്ട് തീർന്നതോടെയാണ് ജനുവരി മുതൽ ഇത് നിറുത്തിയത്. മിൽമയുടെ 50കിലോ തൂക്കമുള്ള ഗോൾഡ് കാലിത്തീറ്റയ്ക്ക് ഇപ്പോൾ 1300രൂപ നൽകണം. ഇതേ തൂക്കത്തിലുള്ള സ്വകാര്യ കമ്പനിയുടെ കാലിത്തീറ്റയ്ക്ക് 1130രൂപയേയുള്ളൂ.
കാലിത്തീറ്റ നിർമ്മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ വില കുത്തനെ കൂടിയതാണ് വിലവർദ്ധനവിന് കാരണമായി മിൽമ പറയുന്നത്. മുൻവർഷം ഇതേസമയത്തുണ്ടായിരുന്ന വിലയേക്കാൾ 50 ശതമാനത്തോളമാണ് അസംസ്‌കൃത വസ്തുക്കൾക്ക് വിലകൂടിയത്. തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നുമാണ് അസംസ്‌കൃത വസ്തുക്കൾ വാങ്ങുന്നത്. ഇരുപതിലധികം അസംസ്‌കൃത വസ്തുക്കളുപയോഗിച്ചാണ് കാലിത്തീറ്റനിർമ്മാണം. മൂവായിരം സൊസൈറ്റികൾ വഴിയാണ് കാലിത്തീറ്റകളുടെ വില്പന. . വിലകൂടുതലായതിനാൽ മിൽമയുടെ കാലിത്തീറ്റ ഉപേക്ഷിച്ച് സ്വകാര്യ കമ്പനികളുടെ കാലിത്തീറ്റ വാങ്ങാൻ തങ്ങൾ നിർബന്ധിതരാകുന്നുവെന്ന് കർഷകർ പറയുന്നു.
കാലിത്തീറ്റ ഫാക്ടറി
മിൽമ കാലിത്തീറ്റ ഉത്പാദിപ്പിക്കുന്നത് ചേർത്തലയിലെയും മലമ്പുഴയിലെയും പ്‌ളാന്റുകളിലാണ്. ഓരോ പ്‌ളാന്റിലും 6000 ടൺ ഉത്പാദനശേഷിയുണ്ട്.
മിൽമയുടെ കാലിത്തീറ്റ വില (ചാക്കൊന്നിന് )
ഇനം, വില രൂപയിൽ
റിച്ച്-1200
ഗോൾഡ്-1300
സ്വകാര്യ കമ്പനിയുടെ കാലിത്തീറ്റയ്ക്ക് -1130
കർഷകന് ലഭിക്കുന്ന പാൽ വില: ഒരു ലിറ്ററിന് 35 മുതൽ 43രൂപവരെ
പത്ത് ലിറ്റർ പാൽലഭിക്കുന്ന പശുവിന് ദിവസേന നൽകേണ്ട തീറ്റ
കാലിത്തീറ്റ-7 കി.ഗ്രാം
വൈക്കോൽ-3 കി.ഗ്രാം
പച്ചപ്പുല്ല്-2 കി.ഗ്രാം
ഉദ്യോഗസ്ഥ ഭരണം വിനയാകുന്നു
നിലവിലെ മിൽമ ബോർഡ് സർക്കാർ പിരിച്ച് വിട്ട് ഉദ്യോഗസ്ഥ ഭരണം ഏർപ്പെടുത്തിയതോടെയാണ് സബ്സിഡി ഇല്ലാതായത്. മാർച്ച് ആയെങ്കിലും ലാഭവിഹിതം തിട്ടപ്പെടുത്തി കർഷകർക്ക് സഹായം നൽകാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. ബോർഡ് എടുക്കുന്ന പോലെ ഉദ്യോഗസ്ഥർ സാമ്പത്തിക ക്രയവിക്രയങ്ങളിൽ കൂടുതൽ താല്പര്യം കാണിക്കാൻ തയ്യാറാകാത്തതിന്റെ തിരിച്ചടി നേരിടുന്നത് കർഷകരാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ കുറഞ്ഞത് ആറ് മാസം കഴിഞ്ഞാലെ പുതിയ ബോർഡ് അധികാരത്തിൽ വരാൻ സാദ്ധ്യതയുള്ളു.
"നിലവിൽ ബോർഡ് ഇല്ലാത്തതിനാൽ കാലിത്തീറ്റയുടെ നിർത്തലാക്കിയ സബ്‌സിഡി പുനസ്ഥാപിക്കാൻ പുതിയ ബോർഡ് നിലവിൽ വരണം.
കല്ലട രമേശൻ, മുൻചെയർമാൻ, മിൽമ.