
ആലപ്പുഴ : കനത്ത മഴയിലും കാറ്റിലും പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് ക്ഷീരകർഷകനും വീട്ടമ്മയും മരിച്ചു. പൂങ്കാവ് വടക്കൻ പറമ്പിൽ പോളിന്റെ ഭാര്യ റീത്താമ്മ (ക്ലാരമ്മ-57), പഴവീട് പുത്തൻപുരയ്ക്കൽ വീട്ടിൽ നാരായണൻ - കല്യാണി ദമ്പതികളുടെ മകൻ പുരുഷോത്തമൻ(77) എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച രാത്രി ശക്തമായി കാറ്റുവീശുകയും മഴപെയ്യുകയും ചെയ്തിരുന്നു. പലയിടത്തും മരങ്ങൾ കടപുഴകി. റീത്താമ്മയുടെ പറമ്പിലെ മൈലാഞ്ചി ചെടിയിലേക്ക് വൈദ്യുതി കമ്പി പൊട്ടി വീണെങ്കിലും അറിഞ്ഞിരുന്നില്ല. ഇതിനടുത്ത് നിന്ന പപ്പായമരം സമീപത്ത് പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിന് മുകളിലേക്ക് വീണിരുന്നു. ഇന്നലെ രാവിലെ സ്കൂട്ടറെടുക്കാൻ ഭർത്താവിനെ സഹായിക്കുന്നതിനിടെ പൊട്ടിക്കിടന്ന വൈദ്യുത കമ്പിയിൽ നിന്ന് റീത്താമ്മയ്ക്ക് ഷോക്കേൽക്കുകയായിരുന്നു. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഭർത്താവും ഷോക്കേറ്റ് തെറിച്ചു വീണു. സമീപവാസികളെത്തി ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും റീത്താമ്മയെ രക്ഷിക്കാനായില്ല. മക്കൾ: ജോബിൻ (ലണ്ടൻ), റീബ. മരുമക്കൾ: നന്ദന (ലണ്ടൻ), അനീഷ്.
പശുക്കളെ വളർത്തി ഉപജീവനം കഴിയുന്ന പുരുഷോത്തമന്, ഇന്നലെ ഉച്ചയ്ക്ക് 12മണിയോടെയാണ് വീടിന് സമീപമുള്ള പാടത്ത് പുല്ല് വെട്ടാൻ പോയപ്പോൾ ഷോക്കേറ്റത്. പുരുഷോത്തമൻ മടങ്ങി വരാത്തതിനെത്തുടർന്ന് സഹോദരിയുടെ മക്കൾ അന്വേഷിച്ചെത്തിയപ്പോഴാണ് പൊട്ടിവീണ വൈദ്യുതി കമ്പിയോട് ചേർന്ന് മരിച്ചനിലയിൽ കണ്ടെത്തിയത്. കെ.എസ്.ഇ.ബിയിൽ അറിയിച്ച് ലൈൻ ഓഫാക്കിയ ശേഷമാണ് മൃതദേഹം എടുത്തത്. സൗത്ത് പൊലീസ് മേൽനടപടി സ്വീകരിച്ചശേഷം മൃതദേഹം ആലപ്പുഴ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അവിവാഹിതനാണ്. സഹോദരങ്ങൾ: പരേതനായ ഗോപി, തങ്കമ്മ, രേണുക.
റീത്താമ്മയുടെ സംസ്‌കാരം ഇന്ന് പൂങ്കാവ് പള്ളിയിൽ നടക്കും.