
ആലപ്പുഴ: 'മുപ്പതു വർഷം സി.പി.എമ്മിനായി പ്രവർത്തിച്ചു. പൊലീസിന്റെ അടിയും തൊഴിയും ഏൽക്കേണ്ടിവന്നു, എന്നാൽ, ഇപ്പോൾ ചിലർ ഒതുക്കാനും ദ്രോഹിക്കാനുമാണ് ശ്രമിക്കുന്നത്. അവിടെ നിന്നാൽ കുടുംബം പോലും തകർന്നേക്കാം. - കഴിഞ്ഞ ദിവസം സി.പി.എം വിട്ട് ബി.ഡി.ജെ.എസിലെത്തിയ അഡ്വ. പി.എസ്. ജ്യോതിസ് ആലപ്പുഴയിലെ പാർട്ടി നേതൃത്വത്തിനെതിരെ തുറന്നടിക്കുന്നു.
? എന്തുകൊണ്ട് സി.പി.എം വിടുന്നു
പിടിച്ചു നിൽക്കാൻ പരമാവധി ശ്രമിച്ചു. ചില കോക്കസുകളാണ് പാർട്ടിയെ നിയന്ത്രിക്കുന്നത്. രാത്രിയിൽ ഗ്രൂപ്പ് യോഗം ചേർന്ന് രാവിലെ പുറത്താക്കുന്നു. ജനപ്രതിനിധികളെ അപകീർത്തിപ്പെടുത്താൻ പെൺവിഷയങ്ങൾ ചമയ്ക്കുന്നു. കോക്കസിന്റെ ഭാഗമാകാത്തവരെ പീഡിപ്പിച്ച് പുറത്താക്കുന്നതായി പാർട്ടി നയം മാറി.
? രാഷ്‌ട്രീയ പാരമ്പര്യമുള്ള കുടുംബത്തിലെ അംഗമായ താങ്കൾക്ക് എങ്ങനെ പാർട്ടിവിടാനായി
ആലോചിച്ചെടുത്ത തീരുമാനമാണ്. മാസങ്ങൾക്ക് മുമ്പേ പാർട്ടി സ്ഥാനങ്ങൾ ഒഴിഞ്ഞിരുന്നു. പലരും തങ്ങൾക്ക് ഒപ്പം ചേരണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു. എന്നാൽ, പാർട്ടിയിൽ പിടിച്ചു നിൽക്കാനായിരുന്നു ശ്രമം. പാർട്ടി നേതൃത്വത്തിന് അപചയം സംഭവിച്ചു. നേതാക്കൾക്ക് ആശയദാരിദ്ര്യമാണ്. ഇനി അവിടെ നിൽക്കാനാവില്ല. മടുത്തു. അനുകൂല രാഷ്‌ട്രീയ സാഹചര്യത്തിൽ പുതിയ നിലപാടെടുത്തു.
? ഇതുവരെയുള്ള രാഷ്‌ട്രീയ പ്രവർത്തനം
സി.പി.എമ്മിൽ പ്രവർത്തനം തുടങ്ങിയിട്ട് 30 വർഷം കഴിഞ്ഞു. കാൽ നൂറ്റാണ്ട് തണ്ണീർമുക്കം പഞ്ചായത്ത് അംഗമായി. ഒരു തവണ പ്രസിഡന്റ് പദവിയിലുമെത്തി. അഞ്ച് ടേം കഴിഞ്ഞതിനാൽ മത്സരിക്കേണ്ടെന്ന പാർട്ടി നിലപാട് കഴിഞ്ഞ തവണ അംഗീകരിച്ചു. മറ്റുള്ളവർക്കായി പ്രവർത്തിച്ച് പഞ്ചായത്ത് ഭരണം പിടിക്കുകയും ചെയ്‌തു.
? ചേർത്തലയിൽ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിയാണല്ലോ
അനുകൂലമായ രാഷ്‌ട്രീയ സാഹര്യത്തിൽ ഉചിതമായി തീരുമാനമെടുത്തു. ഒരുപാട് പേർ സമീപിച്ചിരുന്നു. എസ്.എൻ.ഡി.പി യോഗവുമായി നല്ല ആത്മബന്ധമുണ്ട്.