ആലപ്പുഴ: വിദ്യാർത്ഥികൾക്കുള്ള അരി വിതരണവും ഈസ്റ്റർ, വിഷു സ്‌പെഷ്യൽ ഭക്ഷ്യധാന്യ കിറ്റ് വിതരണവും ക്ഷേമ പെൻഷൻ വിതരണവും സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുമെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന പ്രതിഷേധാർഹമാണെന്ന് സി.പി.ഐ ജില്ലാ എക്‌സിക്യുട്ടീവ് യോഗം ആരോപിച്ചു. കൊവിഡിൽ ദുരിതം പേറുന്ന ജനങ്ങൾക്കുള്ള ഭക്ഷ്യധാന്യ കിറ്റിന്റെ വിതരണം രാജ്യമാകെ അഭിനന്ദിക്കപ്പെട്ടതാണ്. എന്നിട്ടും ഈസ്റ്റർ, വിഷു നാളുകളിൽ ജനങ്ങൾ ദുരിതമനുഭവിക്കണമെന്ന ദുഷ്ടലാക്കാണ് പ്രതിപക്ഷ നേതാവിനുള്ളതെന്ന് യോഗം ആരോപിച്ചു. പി.ജ്യോതിസ് അദ്ധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് റിപ്പോർട്ട് അവതരിപ്പിച്ചു. പി.തിലോത്തമൻ, ജില്ലാ അസി.സെക്രട്ടറിമാരായ പി.വി.സത്യനേശൻ, ജി.കൃഷ്ണ പ്രസാദ് എന്നിവർ സംസാരിച്ചു.