ചേർത്തല: എൻ.ഡി.എ സ്വതന്ത്റ സ്ഥാനാർത്ഥിയായി ചേർത്തലയിൽ നിന്ന് മത്സരിക്കുന്ന അഡ്വ.പി.എസ്.ജ്യോതിസ് ഇന്നലെ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ച് വോട്ടു തേടി. രാവിലെ 9.30ന് ബി.എം.എസ് ഓഫീസിന് മുന്നിൽ നിന്നാണ് പര്യടന ആരംഭിച്ചത്. തുടർന്ന് കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്,നടക്കാവ് റോഡ് എന്നിവിടങ്ങളിലെ വ്യാപാരസ്ഥാപനങ്ങളിൽ വോട്ട് അഭ്യർത്ഥിച്ചു. സി.പി.എം ലോക്കൽ കമ്മിറ്റി അംഗത്വം രാജിവച്ചാണ് എൻ.ഡി.എ സ്ഥാനാർത്ഥിയായി ജ്യോതിസ് അങ്കം കുറിക്കാനെത്തിയത്. ആകെയുള്ള വോട്ടർമാരിൽ 62 ശതമാനം ഈഴവ സമുദായാംഗങ്ങൾ ഉള്ള ചേർത്തലയിൽ നിർണായക സ്വാധീനമുള്ള ജ്യോതിസിന്റെ സ്ഥാനാർത്ഥിത്വം വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് എൻ.ഡി.എ ക്യാമ്പ്. ബി.ജെ.പിദേശീയ സമിതി അംഗം വെള്ളിയാകുളം പരമേശ്വരൻ, നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് മാപ്പറമ്പിൽ, ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. ബിനോയ്, ബി.ഡി.ജെ.എസ് ചേർത്തല മണ്ഡലം പ്രസിഡന്റ് വി. പ്രകാശൻ കളപ്പുരയ്ക്കൽ, സെക്രട്ടറി ടി.ആർ. വിനോദ്, അഡ്വ.കെ. പ്രേംകുമാർ, അരുൺ കെ. പണിക്കർ, സജേഷ് നന്ദ്യാട്ട്, ജയൻശാന്തി, രാജേഷ് ഓംകാരേശ്വരം, ശിവപ്രസാദ്, ശശിധരൻപിള്ള, പ്രമോദ് പ്രണവം എന്നിവർ പ്രചാരണത്തിന് നേതൃത്വം നൽകി.