ആലപ്പുഴ: ജില്ലയിലെ ആദ്യ മൊബൈൽ കൊവിഡ് വാക്സിനേഷൻ സംഘം പ്രവർത്തനം തുടങ്ങി. ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും ഐ.എം.എയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യദിനം പുന്നപ്രയിലെ ശാന്തി ഭവൻ അന്തേവാസികൾക്ക് വാക്സിനേഷൻ നൽകി. മൊബൈൽ യൂണിറ്റിന്റെ പ്രവർത്തനോദ്ഘാടനം ജില്ലാ കളക്ടർ എ.അലക്സാണ്ടർ നിർവഹിച്ചു. ദിവസം 20000 വാക്സിനേഷൻ എന്ന ലക്ഷ്യത്തിനായാണ് ജില്ലാഭരണകൂടം പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ശാന്തിഭവൻ മാനേജിംഗ് ട്രസ്റ്റി മാത്യു ആൽബിൻ, പി.എച്ച്.സിയിലെ ഡോ.പൂർണിമ, ഐ.എം.എ പ്രസിഡന്റ് ഡോ.എ.പി.മുഹമ്മദ്, ഡോ.മദനമോഹൻ, ഡോ.മനീഷ് തുടങ്ങിയവർ പ്രസംഗിച്ചു.