ph

കായംകുളം :യു.ഡി.എഫിൽ സ്ഥാനാർത്ഥിയെ സംബന്ധിച്ച് അന്തിമതീരുമാനം വൈകുന്നതിനിടെ, കായംകുളത്ത് എൽ.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർത്ഥികളായ പ്രതിഭയും പ്രദീപ് ലാലും വോട്ടുപിടിത്തം തുടങ്ങി.

സിറ്റിംഗ് എം.എൽ.എയും എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമായ യു. പ്രതിഭ ഇന്നലെ നഗരത്തിൽ വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചു. നൂറുകണക്കിന് ജനാതിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തകർ പ്രകടനമായി ഒപ്പമുണ്ട‌ായിരുന്നു.

കഴിഞ്ഞ 5 വർഷം കായംകുളത്തിന്റെ ജനപ്രതിനിധി എന്ന നിലയിൽ മണ്ഡലത്തിന്റെ സർവ്വതോൻമുഖമായ വികസനത്തിനായി പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും പിണറായി സർക്കാരിന്റെ കാലത്ത് സമാനതകൾ ഇല്ലാത്ത വികസന പ്രവർത്തനങ്ങൾക്കാണ് കേരളം സാക്ഷ്യം വഹിച്ചതെന്നും പ്രതിഭ ചൂണ്ടിക്കാട്ടി.

എൻ.ഡി.എ സ്ഥാനാർത്ഥിയും എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയൻ സെക്രട്ടറിയുമായ പി. പ്രദീപ് ലാലിന്റെ പോസ്റ്ററുകൾ നാടിന്റെ മുക്കിലും മൂലയിലും നിരന്നു കഴിഞ്ഞു. ചുവരെഴുത്തും തുടങ്ങി. നിരവധി പ്രവർത്തകരുടെ അകമ്പടിയോടെ ഇന്നലെ നഗരത്തിലിറങ്ങി പ്രദീപ് ലാൽ വോട്ട് അഭ്യർത്ഥിച്ചു.

എന്നാൽ, യു.ഡി.എഫ് ക്യാമ്പ് ഇനിയും സജീവമായിട്ടില്ല. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും മുൻ ജില്ലാ പഞ്ചായത്ത് അംഗവുമായ അരിതാ ബാബു, ഡി.സി.സി പ്രസിഡന്റ് എം.ലിജു എന്നിവരെയാണ് അവസാന റൗണ്ടിൽ കായംകുളത്തേക്ക് പരിഗണിയ്ക്കുന്നത്.