s

ആലപ്പുഴ: സ്ഥാനാർത്ഥി പ്രഖ്യാപനം ഔദ്യോഗികമായി എന്നുണ്ടാവുമെന്ന് വ്യക്തമാവാതിരിക്കെ, ജില്ലയിലെ കോൺഗ്രസിൽ കലഹം കനക്കുന്നു

ആലപ്പുഴ മണ്ഡലത്തിൽ മുൻ എം.പി ഡോ കെ.എസ്.മനോജിന് വേണ്ടി പിടിമുറുക്കിയിരിക്കുന്നത് യൂത്ത് കോൺഗ്രസും, കോൺഗ്രസിന്റെ വിവിധ മണ്ഡലം, വാർഡ് കമ്മിറ്റി പ്രവർത്തകരുമാണ്. കെ.എസ്.മനോജല്ല സ്ഥാനാർത്ഥിയെങ്കിൽ ഡി.സി.സി ഓഫീസിനു മുന്നിൽ തല മുണ്ഡനം ചെയ്യുന്നതുൾപ്പെടെ കടുത്ത പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നേതൃത്വത്തിന് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. മനോജ് അല്ലാതെ മറ്റൊരാളെ ആലപ്പുഴയിൽ അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി കൊമ്മാടി വാർഡ് സെക്രട്ടറിയും, ബൂത്ത് സെക്രട്ടറിയുമായ മാർട്ടിൻ ജോസഫ് ഇന്നലെ ബൈപ്പാസ് ജംഗ്ഷനിൽ ഒറ്റയാൾ സമരം നടത്തി.

സ്ഥാനാർത്ഥിത്വം മുന്നിൽ കണ്ട് കെ.എസ്.മനോജ് രണ്ട് മാസം മുമ്പുതന്നെ മണ്ഡലത്തിൽ സജീവമായിരുന്നു. ഇതിനിടെയാണ് നഗരസഭ കൗൺസിലർ അഡ്വ.റീഗോ രാജുവിന്റെ പേര് ഉയർന്നു വന്നത്. ഡി.സി.സി ജനറൽ സെക്രട്ടറിയായ റീഗോ രാജു 12 വർഷമായി ആലപ്പുഴയിൽ അഭിഭാഷകനാണ്. കെ.എസ്.യു സംസ്ഥാന നിർവാഹക സമിതി അംഗം, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി, നിയോജക മണ്ഡലം പ്രസിഡന്റ്, കേരള യൂണിവേഴ്സിറ്റി യൂണിയൻ എക്സിക്യുട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്ന റീഗോ രാജുവിന് പകരം, സി.പി.എം വിട്ട് കോൺഗ്രസിലെത്തിയ മനോജിനെ യൂത്ത് കോൺഗ്രസ് പിന്തുണയ്ക്കുന്നതിന് പിന്നിൽ ശക്തമായ ഗ്രൂപ്പ് കളിയുണ്ടെന്ന ആക്ഷേപവും ഉയരുന്നുണ്ട്. യുവാക്കളെ പരിഗണിക്കണമെന്ന കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട് വന്നതോടെയാണ് ലിസ്റ്റിൽ റീഗോ രാജു ഇടം പിടിച്ചത്.

കെ.എസ്.മനോജിന് വോട്ട് ആഭ്യർത്ഥിച്ചുള്ള പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കായംകുളത്ത് ഡി.സി.സി പ്രസിഡന്റ് എം.ലിജുവിന് വേണ്ടിയും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ജയസാദ്ധ്യത മാനദണ്ഡമെങ്കിൽ ലിജു മത്സരിക്കട്ടെ പന്നാണ് പോസ്റ്റർ വാചകങ്ങൾ. ജില്ലാ പഞ്ചായത്ത് മുൻ അംഗം അരിത ബാബുവിനെ കായംകുളത്ത് പരിഗണിക്കുന്നതിൽ പ്രതിഷേധിച്ച് കെ.പി.സി.സി സെക്രട്ടറി ഇ.സമീർ രാജിവച്ചു. .