
ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പിൽ മുതിർന്ന നേതാക്കളെ ഒഴിവാക്കിയുള്ള മത്സരം ജില്ലയിൽ സി.പി.എമ്മിന്റെ ആത്മവിശ്വാസം കുറയ്ക്കുന്നു. ആലപ്പുഴ, അമ്പലപ്പുഴ മണ്ഡലങ്ങൾ നഷ്‌ടപ്പെട്ടാൽ പാർട്ടിക്കായിരിക്കും ഉത്തരവാദിത്വമെന്ന് ചിലരെങ്കിലും പരസ്യമായി പറഞ്ഞു തുടങ്ങി.
ജില്ലാ കമ്മിറ്റിയിലെ മുഴുവൻപേരും ജി. സുധാകരനും തോമസ് ഐസക്കും മത്സരിക്കണമെന്ന നിലപാടിലായിരുന്നു. എന്നാൽ, മാസങ്ങൾക്ക് മുമ്പേ ഇരുവരെയും ഒഴിക്കാൻ ജില്ലയിലെ ചില നേതാക്കൾ ചരടുവലി തുടങ്ങിയിരുന്നുവെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ജില്ലയിൽ പാർട്ടിയിലെ രണ്ടാംനിരയിലെ നാലു നേതാക്കളാണ് നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചത്. പാർലമെന്ററി രാഷ്ട്രീയത്തിൽ പല തവണ വിജയിച്ച ഒരാളും ഇക്കൂട്ടത്തിലുണ്ട്. ഇവരുടെ നീക്കം മുന്നിൽ കണ്ടാണ് ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ ആരും സ്വയം സ്ഥാനാർത്ഥികളാകേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തുറന്നടിച്ചത്. എന്നിട്ടും രഹസ്യമായ നീക്കങ്ങളും സ്വയം സ്ഥാനാർത്ഥി പ്രചാരണവും നടന്നു. പാർട്ടിയെ തകർക്കുന്ന സമീപനമാണ് സ്ഥാനാർത്ഥി നിർണയത്തിൽ നടന്നതെന്ന് പാർട്ടിയിലെ ഭൂരിപക്ഷം പറയുന്നു.
സുധാകരനെയും ഐസക്കിനെയും ഒഴിവാക്കിയത് മറ്റ് മണ്ഡലങ്ങളിലെ വിജയ സാദ്ധ്യതയെ ബാധിക്കുമെന്നാണ് ഇവരുടെ വാദം. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ഹരിപ്പാട് ഒഴിച്ച് എട്ടു മണ്ഡലങ്ങളും ഇടതുമുന്നണി തൂത്തുവാരിയിരുന്നു. ഈ ട്രെൻഡ് തുടക്കത്തിലുണ്ടായിരുന്നുവെങ്കിലും സ്ഥാനാർത്ഥി പ്രഖ്യാപനത്തോടെ എല്ലാം തകിടം മറിഞ്ഞെന്നാണ് ഒരു വിഭാഗം വ്യക്തമാക്കുന്നത്. സുധാകരനും ഐസക്കും ഇല്ലെന്നറിഞ്ഞതോടെ ഇവരുടെ മണ്ഡലങ്ങളിലേക്ക് യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ വേലിയേറ്റമായിരുന്നു. ആദ്യം മത്സരത്തിനില്ലെന്ന് പറഞ്ഞവർ വരെ രംഗത്ത് വന്നു. ഈ രണ്ട് മണ്ഡലങ്ങളിലേക്കും. കോൺഗ്രസിന് ലഭിക്കാവുന്ന മികച്ച സ്ഥാനാർത്ഥികളെത്തന്നെ ഇവിടെ അവതരിപ്പിച്ചെന്നാണ് എൽ.ഡി.എഫിലെ ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ.ആലപ്പുഴയിൽ ഡോ.കെ.എസ് മനോജും അമ്പലപ്പുഴയിൽ എം.ലിജുവും.
മുതിർന്ന നേതാക്കളെ ഒഴിവാക്കിയപ്പോൾ അവർക്ക് പകരം മണ്ഡലങ്ങളിൽ ജയിക്കുന്ന സ്ഥാനാർത്ഥികളെ കണ്ടെത്താനായില്ലെന്ന വിമർശനവും പാർട്ടിക്കുള്ളിൽ ഉയരുന്നുണ്ട്. തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയില്ലെങ്കിൽ വലിയൊരു പൊട്ടിത്തെറിയുടെ കാറും കോളം പാർട്ടിയിൽ കണ്ടു തുടങ്ങി. ജാതി , മത ചിന്തകൾക്കതീതമായായിരുന്നു അമ്പലപ്പുഴ മണ്ഡലത്തിൽ എൽ.ഡി.എഫിന് വോട്ടുകൾ ലഭിച്ചിരുന്നത്. എന്നാൽ ഭൂരിപക്ഷത്തിലെ രണ്ട് പ്രബല സമുദായങ്ങളെ തഴഞ്ഞുള്ള സ്ഥാനാർത്ഥി പ്രഖ്യാപനം അമ്പലപ്പുഴയിൽ പ്രതികൂലമാകുമെന്നാണ് മുതിരർന്ന നേതാക്കളുടെ വിലയിരുത്തൽ.