അമ്പലപ്പുഴ: കോർപ്പറേറ്റുകൾക്കു വേണ്ടി ഭരിക്കുന്ന ബി.ജെ.പി ഭൂരിപക്ഷ വർഗീയത അടിച്ചേൽപ്പിക്കുകയാണെന്നും സി.പി.എം പി.ബി അംഗം എസ്.രാമചന്ദ്രൻ പിള്ള പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണി അമ്പലപ്പുഴ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു എസ്.ആർ.പി. സമസ്ത മേഖലകളിലും ഭരണമികവു കാട്ടിയ സർക്കാരാണ് എൽ.ഡി.എഫിന്റേതെന്നും തുടർ ഭരണം സാദ്ധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന് മൃദു ഹിന്ദുത്വ നയമാണ്. കോൺഗ്രസിന്റെയും ബി.ജെ.പിയുടേയും സാമ്പത്തിക നയങ്ങൾ ഒന്നാണ്.മഹാമാരിക്കിടയിലും 6 ശതമാനം വളർച്ചാ നിരക്ക് കൈവരിക്കാൻ കേരളത്തിനായി. വിദ്യാഭ്യാസം, ആരോഗ്യം, റോഡുകൾ എന്നിവ ലോകോത്തര നിലവാരത്തിൽ എത്തിക്കാൻ സംസ്ഥാന സർക്കാരിനായി. ആധുനിക വിജ്ഞാന കേന്ദ്രമായി കേരളം മാറുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ മന്ത്രി.ജി.സുധാകരൻ അദ്ധ്യക്ഷത വഹിച്ചു.സമാനതകളില്ലാത്ത വികസനമാണ് കേരളത്തിൽ നടന്നുവരുന്ന തെന്നും വികസനങ്ങൾ പൂർത്തീകരിക്കാൻ തുടർ ഭരണത്തിനായി എച്ച്.സലാമിനെ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.ആചാരങ്ങൾക്കും, വിശ്വാസങ്ങൾക്കും തങ്ങൾ എതിരല്ലെന്നും, അന്ധവിശ്വാസങ്ങളെ ആണ് തങ്ങൾ എതിർക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ആർ.നാസർ, ടി.ജെ.ആഞ്ചലോസ്, കെ.പ്രസാദ്, പി.സി.ഫ്രാൻസിസ്, മുഹമ്മദ് അലി, നസീർ സലാം, പി.വി.സത്യനേശൻ, അഡ്വ.മോഹൻദാസ്, സൗമ്യ രാജ്, പി.എസ്.എം ഹുസൈൻ, ഡി.ലക്ഷ്മണൻ, എച്ച്.സലാം, എ. ഓമനക്കുട്ടൻ, സാദിഖ് എം മാക്കിയിൽ, അജയ് സുധീന്ദ്രൻ, എൻ.സന്തോഷ് കുമാർ, വി.സി.മധു, ആർ .അനിൽകുമാർ മോഹൻ സി അറവുംതറ തുടങ്ങിയവർ സംസാരിച്ചു.ഇ. കെ. ജയൻ സ്വാഗതം പറഞ്ഞു.