
ചേർത്തല : വയലാറിലെ നന്ദു വധക്കേസിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മഹിളാ ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഡിവൈ.എസ്.പി ഓഫീസ് മാർച്ച് ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷ പ്രൊഫ.വി.ടി. രമ ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴയിൽ എസ്.ഡി.പി.ഐക്കാരന് സീറ്റ് നൽകിയത് ഇടത് സർക്കാർ ജിഹാദികൾക്ക് കുട പിടിക്കുന്നതിന്റെ തെളിവാണെന്ന് വി.ടി.രമ പറഞ്ഞു. നന്ദു വധക്കേസ് എൻ.ഐ.എക്ക് വിടണമെന്നും അവർ ആവശ്യപ്പെട്ടു. ദേവീക്ഷേത്രത്തിന് വടക്കേ നടയിൽ നിന്ന് ആരംഭിച്ച മാർച്ച് ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ പൊലീസ് തടഞ്ഞു. ബി.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.എസ്. ആശാമോൾ മുഖ്യപ്രഭാഷണം നടത്തി. മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് കലാരമേശ്, ബി.ജെ.പി ജില്ലാ സെക്രട്ടറി ശ്രീദേവി വിപിൻ, ആശാ മുകേഷ്, പ്രതിഭാ ജയേക്കർ, ജയലത, സുധാ കമ്മത്ത്, ശ്രീരഞ്ജിനി, ആതിര എന്നിവർ സംസാരിച്ചു.