t

ആലപ്പുഴ: സംസ്ഥാന നിയമസഭ, പാർലമെന്റ് തിരഞ്ഞെടുപ്പുകൾ ആരംഭിച്ച ശേഷം വി.എസ്. അച്യുതാനന്ദൻ കളത്തിലിറങ്ങാത്ത ആദ്യ തിരഞ്ഞെടുപ്പാണ് ഇക്കുറി നടക്കാൻ പോവുന്നത്. 1957 മുതൽ 2019 വരെയുള്ള പാർലമെന്റ്, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വി.എസ് അച്യുതാനന്ദൻ മത്സര രംഗത്തോ സംഘടനാ രംഗത്തോ നിറസാന്നിദ്ധ്യമായിരുന്നു.

തിരഞ്ഞെടുപ്പ് എത്തുമ്പോൾ വി.എസ് ഏത് മണ്ഡത്തിൽ മത്സരിക്കുമെന്നറിയാൻ രാഷ്ട്രീയ കേരളം കാതോർത്തിരുന്നു. 1965ൽ ആദ്യമായി മത്സര രംഗത്തിറങ്ങിയ വി.എസ്, ആരോഗ്യ പ്രശ്നങ്ങളാൽ ഇത്തവണ മാറി നിൽക്കേണ്ടി വരുമ്പോൾ ഒരു യുഗത്തിനാണ് അവസാനം കുറിക്കുന്നത്. 2019 ഒക്ടോബർ 23ന് ആണ് വി.എസ് അവസാനമായി ആലപ്പുഴയിലെ പൊതുസമ്മേളനത്തിൽ പങ്കെടുത്തത്. പുന്നപ്ര വയലാർ വാർഷികാചരണത്തിന്റെ ഭാഗമായി പറവൂരിലെ സമരഭൂമിയിലെ യോഗമായിരുന്നു അത്.

 കൃഷ്ണപിള്ളയിൽ നിന്ന് മെമ്പർഷിപ്പ്

പി.കൃഷ്ണപിള്ളയിൽ നിന്ന് 1940ൽ വി.എസ്. അച്യുതാനന്ദൻ പാർട്ടി മെമ്പർഷിപ്പ് നേടി. പുന്നപ്ര-വയലാർ സമരത്തിലും ആലപ്പുഴ ജില്ലയിലെ കർഷകത്തൊഴിലാളികളെ സംഘടിപ്പിച്ച് നടത്തിയ അവകാശ സമരങ്ങളിലും പങ്കെടുത്തു. കർഷക തൊഴിലാളികളെ സംഘടിപ്പിക്കുന്നകാലത്ത് രൂപപ്പെടുത്തിയ പ്രത്യേക പ്രസംഗശൈലി തൊഴിലാളികളുടെ മനസിൽ വി.എസിന് ഇടംനേടിക്കൊടുത്തു. കമ്മ്യൂണിസ്റ്റ് പാർട്ടി അംഗത്വമെന്നത് അത്ര സുരക്ഷിതമല്ലാതിരുന്ന അക്കാലത്ത് കൊടിയ മർദ്ദനങ്ങളും ജയിൽ ശിക്ഷയും അനുഭവിച്ചു. അഞ്ചു വർഷത്തോളം ഒളിവിൽക്കഴിഞ്ഞു. രാജ്യം സ്വതന്ത്രമാവുകയും കേരള സംസ്ഥാനം രൂപീകൃതമാവുകയും ചെയ്യും മുമ്പേ വി.എസ് പാർട്ടിയുടെ നേതൃതലങ്ങളിലെത്തിയിരുന്നു. 1957ൽ ജില്ലാ സെക്രട്ടറി ആയിരിക്കുമ്പോൾ നടന്ന തിരഞ്ഞെടുപ്പിൽ പാർട്ടി വൻഭൂരിപക്ഷം നേടി. 1957ൽ പാർട്ടി അധികാരത്തിലെത്തുമ്പോൾ സംസ്ഥാന സമിതിയിൽ അംഗമായിരുന്ന ഒൻ‌പതു പേരിൽ ഇന്നു ജീവിച്ചിരിക്കുന്നത് വി.എസ് മാത്രം.

 തുടക്കം 1965ൽ

തിരഞ്ഞെടുപ്പ് മത്സരത്തിന്റെ തുടക്കം 1965ൽ അമ്പലപ്പുഴയിലായിരുന്നു. 2016ൽ മലമ്പുഴയിലാണ് തിരശ്ശീല വീണത്. സംഘടനാ രംഗത്ത് പടവുകൾ ചവിട്ടിക്കയറുമ്പോഴും അച്യുതാനന്ദൻ പാർലമെന്ററി ജീവിതത്തിൽ ഒട്ടേറെ തിരിച്ചടികൾ നേരിട്ടിട്ടുണ്ട്. അമ്പലപ്പുഴയിലെ ആദ്യ മത്സരത്തിൽ കോൺഗ്രസിലെ കെ.എസ്.കൃഷ്ണക്കുറുപ്പിനോട് 2327 വോട്ടുകൾക്ക് തോറ്റു. 1967ൽ കോൺഗ്രസിലെ തന്നെ എ.അച്യുതനെ 9515 വോട്ടുകൾക്ക് തോൽ‌പിച്ചാണ് നിയമസഭയിൽ എത്തിയത്. 1970ൽ ആർ‍.എസ്.പിയിലെ കെ.കെ. കുമാരപിള്ളയെ തോൽപ്പിച്ചു. 1977ൽ കുമാരപിള്ളയോട് 5585 വോട്ടുകൾക്ക് പരാജയപ്പെട്ടു. ഈ പരാജയത്തിനു ശേഷം കുറേക്കാലം പാർട്ടിയിൽ സജീവമായി. 1991ൽ മാരാരിക്കുളം മണ്ഡലത്തിൽ നിന്ന് കോൺഗ്രസിലെ അഡ്വ. ഡി.സുഗതനെ 9980 വോട്ടുകൾക്കു തോല്പിച്ചാണ് രണ്ടാം വരവ്. 1996ൽ രാഷ്ട്രീയ വൃത്തങ്ങളെ അപ്പാടെ അമ്പരിപ്പിച്ചുകൊണ്ട്, പാർട്ടിയുടെ ഉറച്ചകോട്ടയായി കരുതപ്പെട്ടിരുന്ന മാരാരിക്കുളത്ത് കോൺഗ്രസിലെ അഡ്വ. പി.ജെ. ഫ്രാൻസിസിനോട് തോറ്റു. ഈ പരാജയം പാർട്ടിയിൽ അച്യുതാനന്ദനെ ശക്തനാക്കി. 2001ൽ മലമ്പുഴ മണ്ഡലത്തിൽ യുവനേതാവ് സതീശൻ പാച്ചേരിയെ 4703 വോട്ടിന് പരാജയപ്പെടുത്തി. 2006ൽ സതീശൻ പാച്ചേനിയെ 20,017 വോട്ടിനും 2011 കോൺഗ്രസിലെ ലതികാ സുഭാഷിനെ 23,440 വോട്ടിനും പരാജയപ്പെടുത്തി കരുത്ത് തെളിയിച്ചു. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മുന്നണി വൻഭൂരിപക്ഷം നേടിയതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അച്യുതാനന്ദന്റെ പേരെത്തി. 2016ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയിലെ സി.കൃഷ്ണകുമാറിനെ 27,142 വോട്ടിനു പരാജയപ്പെടുത്തി വി.എസ് പോരാട്ടവീര്യം വെളിപ്പെടുത്തി.