ആലപ്പുഴ: ലോക്ക് ഡൗണിനു ശേഷം, യാത്രക്കാർ കുറവാണെന്ന പേരിൽ കൂട്ടത്തോടെ നിറുത്തലാക്കിയ സർവീസുകൾ കെ.എസ്.ആർ.ടി.സി പുനരാരംഭിക്കാത്തതിനെത്തുടർന്ന് യാത്രക്കാർ പെരുവഴിയിലായി. ഓഫീസ് സമയങ്ങളിൽപ്പോലും ആവശ്യത്തിന് ബസ് സർവീസുകളില്ലെന്ന് പരാതിയുയരുന്നു. കെ.എസ്.ആർ.ടി.സിയെ മാത്രം ആശ്രയിക്കുന്ന കുട്ടനാടിന്റെ ഉൾഭാഗങ്ങൾ ഉൾപ്പെടെയുള്ള റൂട്ടുകളിലാണ് ദുരിതം കൂടുതൽ.

കഴിഞ്ഞ മാസം പുറത്തിറങ്ങിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്ഥലംമാറ്റപ്പെട്ട ഡ്രൈവർമാരും കണ്ടക്ടർമാരും പുതിയ ഇടങ്ങളിൽ ജോലിക്ക് റിപ്പോർട്ട് ചെയ്യാൻ വൈകുന്നതും ജീവനക്കാരുടെ ക്ഷാമത്തിനിടയാക്കി. ഇതോടെ മിക്ക ഡിപ്പോകളിലും പകുതിയിലധികം സർവീസ് വെട്ടിച്ചുരുക്കി.

ആലപ്പുഴ ഡിപ്പോയിൽ നിന്ന് മങ്കൊമ്പ് വഴി ചമ്പക്കുളം ഉൾപ്പെടെയുള്ള ഇടറൂട്ടുകളിലേക്കുള്ള സർവീസുകൾ വെട്ടിക്കുറച്ചിരുന്നു. മുഹമ്മ ഭാഗത്തേക്കുള്ള സർവീസ് കുറച്ചതിനെതിരെ യാത്രക്കാർ പരാതി നൽകി. ഇപ്പോൾ, അവധിദിവസങ്ങളിൽ എല്ലാ ഡിപ്പോകളിലും 10മുതൽ 15വരെ സർവീസുകൾ വെട്ടിക്കുറയ്ക്കാറുണ്ട്.

സർവീസുകൾ

(ഇപ്പോഴുള്ളത്, ലോക്ക് ഡൗണിന് മുമ്പ്)

ആലപ്പുഴ - 58-77

ചെങ്ങന്നൂർ -35-42

ചേർത്തല - 45- 77

ഹരിപ്പാട് - 30- 43

കായംകുളം - 34-68

മാവേലിക്കര - 21- 35

എടത്വ- 16-24

ഫെബ്രുവരി മാസം ആലപ്പുഴ ഡിപ്പോയുടെ വരുമാനം 2.16 കോടി

പ്രതിദിന കളക്‌ഷൻ ശരാശരി 7.5 ലക്ഷം രൂപ

പ്രതിദിന കളക്‌ഷൻ

ഫാസ്റ്റ് പാസഞ്ചർ: 3.5 ലക്ഷം രൂപ

ഓർഡിനറി:2.5 ലക്ഷം രൂപ

സൂപ്പർ, ഡീലക്സ്: 1.5 ലക്ഷം രൂപ

''സ്ഥലം മാറ്റത്തെത്തുടർന്ന് ഡിപ്പോകളിലുണ്ടായ ജീവനക്കാരുടെ കുറവ് അടുത്ത ദിവസം പരിഹരിക്കപ്പെടും. കുട്ടനട്ടിൽ നിന്ന് പുതുതായി ചമ്പക്കുളം-കഞ്ഞിപ്പാടം-മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും ഇവിടെ നിന്ന് തിരികെയും തുടങ്ങിയ സർക്കുലർ സർവീസ് വലിയ വിജയമാണ്. കാവാലം, തിരുവല്ല, വൈക്കം, ചേർത്തല സെക്ടറുകളിലേക്കുള്ള സർവീസുകൾക്ക് നല്ല കളക്‌ഷൻ ലഭിക്കുന്നുണ്ട്

- വി.അശോക് കുമാർ,ഡി.ടി.ഒ