
ഡോ. കെ.എസ്. മനോജിനെതിരെ പോസ്റ്ററുകൾ
ആലപ്പുഴ: ജില്ലയിലെ കോൺഗ്രസ് സ്ഥാനാർത്ഥികളെ ഇന്നു പ്രഖ്യാപിക്കാനിരിക്കെ, സീറ്റ് ലഭിക്കാത്തവർ പാർട്ടിയിൽ കലഹമുണ്ടാക്കാനുള്ള സാദ്ധ്യത ഏറി. സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടായാലുടൻ സംഘടനാ ഭാരവാഹികളിൽ ചിലർ രാജിവയ്‌ക്കുമെന്നും സൂചനയുണ്ട്. ആലപ്പുഴയിൽ സ്ഥാനാർത്ഥിയാകുമെന്ന് കരുതുന്ന ഡോ. കെ.എസ്. മനോജിനെതിരെ ഡി.സി.സി ഓഫീസിന് മുന്നിൽ പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടു.
അമ്പലപ്പുഴയിൽ ഡി.സി.സി പ്രസിഡന്റ് എം. ലിജുവിനെതിരെയും പോസ്‌റ്റർ യുദ്ധം തുടങ്ങി. ചേർത്തലയിൽ എസ്. ശരത്ത്, ചെങ്ങന്നൂരിൽ എം. മുരളി, മാവേലിക്കരയിൽ കെ.കെ.ഷാജു, കായംകുളത്ത് അരിത ബാബു എന്നിവർക്കാണ് സാദ്ധ്യതയെന്ന് അറിയുന്നു. അരൂരിൽ ഷാനിമോൾ ഉസ്‌മാനും ഹരിപ്പാട്ട് രമേശ് ചെന്നിത്തലയും മത്സരിക്കും. കുട്ടനാട്ടിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ അഡ്വ. ജേക്കബ് എബ്രഹാമിനെ പ്രഖ്യാപിച്ചു കഴിഞ്ഞു. സീറ്റ് ആഗ്രഹിച്ച ചില മുതിർന്ന നേതാക്കളെ ഒഴിവാക്കിയതാണ് കോൺഗ്രസിൽ കലാപത്തിന് വഴിയൊരുക്കിയത്.
അരൂർ, കായംകുളം എന്നിവിടങ്ങളിൽ വനിതകൾ തമ്മിലാണ് പ്രധാന മത്സരം. അരൂരിൽ സിറ്റിംഗ് എൽ.എയായ കോൺഗ്രസിലെ ഷാനിമോൾ ഉസ്‌മാനെ നേരിടുന്നത് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായ ദലീമ ജോജോയാണ്. കായംകുളത്ത് സിറ്റിംഗ് എൽ.എ.എയായ സി.പി.എമ്മിലെ യു. പ്രതിഭയെ നേരിടാൻ ജില്ലാ പഞ്ചായത്ത് മുൻ അംഗമായ കോൺഗ്രസിലെ അരിതാ ബാബു എത്താനാണ് സാദ്ധ്യത. ബി.ജെ.പിയുടെ സ്ഥാനാർത്ഥികളെയും ഇന്നറിയാം. പാർട്ടിയുടെ എ ക്ളാസ് മണ്ഡലങ്ങളിൽ ഒന്നാണ് ചെങ്ങന്നൂർ. അരൂർ, ചേർത്തല, കായംകുളം മണ്ഡലങ്ങളിൽ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥികൾ പ്രചാരണം തുടങ്ങി.
ഹരിപ്പാട്ട് സജിലാൽ
ഹരിപ്പാട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ എ.എെ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ആർ. സജിലാൽ നേരിടും. നീണ്ട ചർച്ചകൾക്ക് ശേഷമാണ് ജില്ലയ്ക്ക് പുറത്തുള്ള സജിലാലിന് നറുക്ക് വീണത്. മണ്ഡലം കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും നൽകിയ പേരുകളൊന്നും പരിഗണിക്കപ്പെട്ടില്ല. കൊല്ലം അഞ്ചൽ സ്വദേശിയാണ്. ഇതോടെ ജില്ലയിലെ ഒമ്പത് മണ്ഡലങ്ങളിലും ഇടതുമുന്നണി സ്ഥാനാർത്ഥികളായി. മണ്ഡലം കൺവെൻഷനുകൾ അവസാന ഘട്ടത്തിലാണ്. സി.പി.ഐയുടെ, ജില്ലയിലെ മറ്റൊരു സീറ്റായ ചേർത്തലയിൽ പി. പ്രസാദിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഇല്ലായ്മയിൽ ജീവിതം
പട്ടിണിയോടും ഇല്ലായ്മകളോടും പടവെട്ടിയായിരുന്നു സജിലാലിന്റെ ജീവിതം. ബുദ്ധിമുട്ടുകളിൽ നിന്ന് പൊരുതിക്കയറിയ യുവജന നേതാവെന്ന പരിവേഷമാണ് സ്ഥാനാർത്ഥിത്വത്തിന് ഇടയാക്കിയത്. സ്കൂൾ പഠനകാലത്ത് ലോട്ടറി വിൽപ്പനയും കോളേജിൽ പഠിക്കവേ കടയിൽ പാർടൈം ജോലി ചെയ്‌തുമാണ് പഠന ചെലവ് കണ്ടെത്തിയത്. അഞ്ചൽ സെന്റ് ജോൺസ് കോളേജിൽ എ.ഐ.എസ്.എഫ് യൂണിറ്റ് ജോയിന്റ് സെക്രട്ടറിയായാണ് പൊതുരംഗത്തെത്തിയത്. പിന്നീട് പുനലൂർ മണ്ഡലം സെക്രട്ടറി, കൊല്ലം ജില്ലാ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് പദവികളിലെത്തി. 2005 ൽ തിരുവനന്തപുരം ലാ അക്കാഡമിയിൽ പഠിക്കുമ്പോൾ ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് അംഗമായി.