s

ആലപ്പുഴ: സിറ്റിംഗ് എം.എൽ.എയും മന്ത്രിയുമായ തോമസ് ഐസക്ക് കളമൊഴിഞ്ഞതോടെ ആലപ്പുഴ മണ്ഡലത്തിൽ ഇടമുറപ്പിക്കാൻ യു.ഡി.എഫും എൻ.ഡി.എയും ലക്ഷ്യമിടുമ്പോൾ, മണ്ഡലം ചേർത്തു നിറുത്താനുള്ള അശ്രാന്ത പരിശ്രമത്തിലാണ് എൽ.ഡി.എഫ്. സ്ഥാനാർത്ഥി നിർണയം പൂർണമാകാത്തതിനാൽ ഒഴുക്കും അടിയൊഴുക്കുകളും മണ്ഡലത്തിൽ എത്രത്തോളം ബാധിക്കുമെന്ന് പറയാറായിട്ടില്ല.

ഒരു മുഴം മുന്നേ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കപ്പെട്ട ഇടതുമുന്നണി സ്ഥാനാർത്ഥി പി.പി.ചിത്തരഞ്ജൻ മണ്ഡലത്തിൽ കളംനിറഞ്ഞ് നിൽക്കുകയാണ്. യു.ഡി.എഫ് പ്രഖ്യാപനം ഇന്നും, എൻ.ഡി.എ പ്രഖ്യാപനം അടുത്ത ദിവസങ്ങളിലും ഉണ്ടാകുന്നതോടെ ചിത്രം വ്യക്തമാകും. കോൺഗ്രസിൽ മുൻ എം.പി ഡോ.കെ.എസ്.മനോജ് സീറ്റ് ഉറപ്പിച്ച മട്ടാണ്. യുവാക്കൾക്ക് പ്രാതിനിദ്ധ്യം നൽകാൻ ആലപ്പുഴ നഗരസഭാംഗമായ അഡ്വ. റീഗോ രാജുവിനെയും പരിഗണിച്ചിരുന്നു. എന്നാൽ മനോജ് തന്നെ സ്ഥാനാർത്ഥിയാകണമെന്ന ഭൂരിപക്ഷാഭിപ്രായമാണ് പാർട്ടിയിലുള്ളത്. അതേസമയം മനോജിന്റെ സ്ഥാനാർത്ഥിത്വത്തിന് എതിരെ ഡി.സി.സി ഓഫിസിന് മുന്നിൽ ഇന്നലെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. കെ.പി.സി.സി സെക്രട്ടറി എം.ജെ.ജോബിന്റേതടക്കം നിരവധി പേരുകൾ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ തവണ പതിനെണ്ണായിരത്തിലേറെ വോട്ടുകൾ നേടിയ ബി.ജെ.പിയും ശക്തമായ മത്സരത്തിനുള്ള ഒരുക്കത്തിലാണ്.

ഇടത്തേക്ക് 8, വലത്തേക്ക് 7

2008ൽ പുനക്രമീകരണം നടന്നപ്പോൾ മാരാരിക്കുളവും ആലപ്പുഴയും ചേർന്ന് പരിഷ്കരിക്കപ്പെട്ടതാണ് നിലവിലെ ആലപ്പുഴ മണ്ഡലം. കഴിഞ്ഞ 15 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ 8 തവണ ഇടത്തേക്കും 7 തവണ വലത്തേക്കും ചാഞ്ഞു. 2006-11 കാലഘട്ടത്തിൽ കെ.സി.വേണുഗോപാലിനെ പിന്തുടർന്ന് എ.എ.ഷുക്കൂർ എം.എൽ.എ ആയ ശേഷം കോൺഗ്രസിന് മണ്ഡലം പിടിക്കാനായിട്ടില്ല. ആലപ്പുഴ നഗരസഭയിലെ ഒന്നുമുതൽ 19 വരെ വാർഡുകളും 45, 50 വാർഡുകളും ആര്യാട്, മണ്ണഞ്ചേരി, മാരാരിക്കുളം സൗത്ത്, മാരാരിക്കുളം നോർത്ത് എന്നീ പഞ്ചായത്ത് പ്രദേശങ്ങളും ഉൾപ്പെടുന്നതാണ് ആലപ്പുഴ നിയമസഭ മണ്ഡലം. മാരാരിക്കുളം മണ്ഡലം ഇല്ലാതായതോടെ ചില കൂട്ടിച്ചേർക്കലുകൾ മണ്ഡലത്തിലുണ്ടായി. അതിനു ശേഷം നടന്ന രണ്ടു തിരഞ്ഞെടുപ്പിലും ഡോ.ടി.എം.തോമസ് ഐസക്കാണ് വിജയിച്ചത്. ഈഴവ വോട്ടുകൾ പ്രബലമായ മണ്ഡലത്തിൽ ലാറ്റിൻ കാത്തലിക്ക് വോട്ടുകൾക്കും തീരദേശ മണ്ഡലമായ ആലപ്പുഴയിൽ നിർണായക സ്വാധീനമുണ്ട്.

2016ലെ വോട്ടുനില


ഡോ.ടി.എം.തോമസ് ഐസക് (എൽ.ഡി.എഫ്)- 83,211
ലാലി വിൻസെന്റ് (യു.ഡി.എഫ്)- 52,179,
രൺജീത്ത് ശ്രീനിവാസ് (എൻ.ഡി.എ)- 18,214

ഭൂരിപക്ഷം - 31,032

വോട്ടർമാരുടെ എണ്ണം (2021)

സ്ത്രീകൾ - 1,01,018

പുരുഷന്മാർ - 95,190

ആകെ - 1,96,208

മുൻകാല വിജയികൾ

2016 - ഡോ.ടി.എം. തോമസ് ഐസക്ക് (എൽ.ഡി.എഫ്)

2011 - ഡോ.ടി.എം. തോമസ് ഐസക്ക് (എൽ.ഡി.എഫ്)

2006 - കെ.സി.വേണുഗോപാൽ (യു.ഡി.എഫ്)

2001 - കെ.സി.വേണുഗോപാൽ (യു.ഡി.എഫ്)

1996 - കെ.സി.വേണുഗോപാൽ (യു.ഡി.എഫ്)

1991 - കെ.പി.രാമചന്ദ്രൻ നായർ (യു.ഡി.എഫ്)

1987 - റോസമ്മ പുന്നൂസ് (എൽ.ഡി.എഫ്)

1982 - കെ.പി.രാമചന്ദ്രൻ നായർ (യു.ഡി.എഫ്)

1980 - പി.കെ.വാസുദേവൻ നായർ (സി.പി.ഐ)

1977 - പി.കെ.വാസുദേവൻ നായർ (സി.പി.ഐ)

1970 - ടി.വി.തോമസ് (സി.പി.ഐ)

1967 - ടി.വി.തോമസ് (സി.പി.ഐ)

1965 - ജി.ചിദംബരയ്യർ (കോൺഗ്രസ്)

1960 - കെ.നഫീസത്ത് ബീവി (കോൺഗ്രസ്)

1957 - ടി.വി.തോമസ് (സി.പി.ഐ)