
ആലപ്പുഴ : പിടികിട്ടാപ്പുള്ളികളെയും ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിട്ടും ഒളിവിൽ കഴിയുന്നവരേയും പിടികൂടുന്നതിനായി ആലപ്പുഴ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ നടത്തിയ 'ഓപ്പറേഷൻ അബ്സ്കോണ്ടേഴ്സ്" പ്രത്യേക ഡ്രൈവിൽ 425 പേരെ അറസ്റ്റ് ചെയ്തു. വാറണ്ട് പ്രതികളായ 346 പേരെയും പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചിരുന്ന 31 പേരെയും വിവിധ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട 45 പേരെയുമാണ് അറസ്റ്റ് ചെയ്തത്.
പോക്സോ കേസിൽ ഉൾപ്പെട്ട് ഒളിവിൽ കഴിഞ്ഞ പ്രതികളിൽ അഭിഭാഷകനടക്കമുള്ളവരെ അറസ്റ്റ് ചെയ്തത് തമിഴ്നാട്ടിൽ നിന്നാണ്. ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട രാഹുൽ രാധാകൃഷ്ണനെ ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിലും മനുശങ്കർ, അനുശങ്കർ എന്നിവരെ ആലപ്പുഴ സൗത്ത് സ്റ്റേഷനിലും അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കി. വിവിധ ക്രിമിനൽ കേസിൽ ഉൾപ്പെട്ട സ്ഥിരം കുറ്റവാളികളായ 48 പേർക്ക് എതിരെ, ക്രിമിനൽ നടപടി പ്രകാരം എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് മുമ്പാകെ കരുതൽ ബോണ്ട് വയ്ക്കുന്നതിനായി റിപ്പോർട്ട് സമർപ്പിച്ചു. ജില്ലാ പോലീസ് മേധാവി ജി. ജയ്ദേവിന്റെ നിർദ്ദേശ പ്രകാരം ആലപ്പുഴ ഡിവൈ.എസ്.പി ഡി.കെ പ്രിഥ്വിരാജിന്റെ നേതൃത്വത്തിലാണ് പ്രത്യേക ഡ്രൈവ് നടത്തിയത്. വരുംദിവസങ്ങളിലും ഓപ്പറേഷൻ അബ്സ്കോണ്ടേള്സ് പരിശോധന തുടരുമെന്ന് ഡി.വൈ.എസ്.പി അറിയിച്ചു.