
ആലപ്പുഴ: അരൂർ പിടിച്ചെടുക്കാൻ ഇടതു വലത് മുന്നണികളിൽ നിന്ന് പ്രബലരായ വനിതാ സ്ഥാനാർത്ഥികൾ കൊമ്പുകോർക്കുമ്പോൾ, മണ്ഡലത്തിൽ അട്ടിമറി വിജയം നേടാനാവുമെന്ന ആത്മവിശ്വാസത്തിലാണ് ബി.ഡി.ജെ.എസ് സ്ഥാനാർത്ഥി ടി.അനിയപ്പൻ. സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കപ്പെട്ടതോടെ പ്രവർത്തകർക്കൊപ്പം ഭവന സന്ദർശനമടക്കമുള്ള പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ടുകഴിഞ്ഞു. എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡംഗം, എസ്.എൻ ട്രസ്റ്റ് മെമ്പർ എന്നീ പദവികളിൽ പ്രവർത്തിക്കുന്ന അനിയപ്പൻ 2016ൽ അരൂർ മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥി ആയിരുന്നു. നിലവിൽ ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റാണ്. കേരള സർവകലാശാലയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ അനിയപ്പൻ 2005 മുതൽ അനിയപ്പൻ ആൻഡ് അസോസിയേറ്റ്സ് എന്ന സ്ഥാപനവുമായി ചാർട്ടേഡ് അക്കൗണ്ടന്റായി ഔദ്യോഗിക രംഗത്ത് സജീവമാണ്. തിരക്കേറിയ ഔദ്യോഗിക - പൊതുപ്രവർത്തന ജീവിതത്തിന്റെ സമ്മർദ്ദങ്ങൾ ഇറക്കി വയ്ക്കുന്നത് കൃഷിയിലാണെന്ന് അനിയപ്പൻ പറയുന്നു. 2015ൽ മികച്ച ജില്ലാതല ക്ഷീരകർഷകനുള്ള ആദരം ലഭിച്ചിരുന്നു. പറയകാട് ക്ഷീര വ്യവസായ സഹകരണ സംഘം പ്രസിഡന്റാണ്. രേതരായ തങ്കപ്പനും കമലയുമാണ് മാതാപിതാക്കൾ. ഭാര്യ: ബ്രീസ് മോൾ. മക്കൾ: അഭയ് കൃഷ്ണൻ, ശ്രേയ