ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ യശസ്സിന് മങ്ങലേൽപ്പിക്കാൻ നിയമ വിരുദ്ധമായ പ്രവർത്തനങ്ങൾ നടത്തുന്ന കേന്ദ്ര ഏജൻസികളിലെ ഉദ്യോഗസ്ഥർക്കെതിരെ സംസ്ഥാന സർക്കാർ നിയമപരമായ നടപടി സ്വീകരിക്കണമെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻപിള്ള ആവശ്യപ്പെട്ടു. ആലപ്പുഴ നിയമസഭ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.പി.ചിത്തരഞ്ജന്റെ തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സർക്കാർ തന്നെ ഇക്കാര്യത്തിൽ നിയമപരമായ നടപടി എടുക്കേണ്ടതാണ്. അതുണ്ടാകുമെന്ന് കരുതുന്നില്ല. നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ കഴിയണം. തങ്ങൾ ആവശ്യപ്പെടുന്ന തരത്തിൽ മൊഴി നൽകണമെന്ന് ആവശ്യപ്പെട്ട് ഇഡി, കസ്റ്റംസ് ഉദ്യോഗസ്ഥർ പ്രതികളെ ഭീഷണിപ്പെടുത്തുന്നു. പ്രതികളിൽ കടുത്ത സമ്മർദ്ദം ചെലുത്തിയ വിവരമാണ് പുറുത്തുവന്നത്. മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനുമെതിരെ മൊഴി പറഞ്ഞാൽ പ്രതിയെ മാപ്പുസാക്ഷിയാക്കി ജാമ്യം നൽകാമെന്നാണ് ഇഡിയുടെ പ്രലോഭനം. കോടതിക്കയച്ച കത്തിലൂടെ സന്ദീപ് നായർ എന്ന പ്രതി ഇക്കാര്യം വെളിപ്പെടുത്തി. സമാനമായ കാര്യങ്ങൾ ഉദ്യേഗസ്ഥർ മറ്റൊരു പ്രതിയോട് പറയുന്നത് കേട്ടതായി പൊലീസ് ഉദ്യോഗസ്ഥർ നേരത്തെ വെളിപ്പെടുത്തി. തങ്ങൾ ആവശ്യപ്പെടുന്ന മൊഴിനൽകിയാൽ ജാമ്യം നൽകി പുറത്തുവിടാമെന്നാണ് അന്വേഷണ ഏജൻസി പറയുന്നത്. നിയമ വിരുദ്ധമായ പ്രവർത്തനം നടത്തിയ ഇഡിയും കസ്റ്റംസും ജനങ്ങളോട് മാപ്പുപറയണം. കേരളം വിട്ടാൽ രാഹുൽ ഗാന്ധിയും കോൺഗ്രസും കേന്ദ്ര ഏജൻസികൾക്ക് എതിരാണ്. രാഹുലടക്കം അവരുടെ പല നേതാക്കളും പ്രതികളായി ജാമ്യത്തിലാണ് നടക്കുന്നത്.
സ്വർണക്കടത്ത് കേസുമായി നടക്കാൻ തുടങ്ങിയിട്ട് ഒമ്പത് മാസം കഴിഞ്ഞു. കടത്തിയതാരെന്നോ ആരാണ് ഉത്തരവാദി എന്നോ പറയുന്നില്ല. വിമാനത്താവളം, തുറമുഖം എന്നിവിടങ്ങളിലൂടെയുള്ള എല്ലാ കള്ളക്കടത്തുകളും പിടിക്കേണ്ടത് കേന്ദ്ര ഏജൻസികളാണ്. ആ ഉത്തരവാദിത്വം നടത്തുന്നില്ല. പുകമറ സൃഷ്ടിക്കുകയാണ് ലക്ഷ്യം. രാഷ്ട്രീയ പ്രചാരവേലയ്ക്കായി രാഷ്ട്രീയ എതിരാളികൾക്കെതിരെ കള്ളക്കേസ് എടുക്കുകയാണെന്നും എസ്.രാമചന്ദ്രൻപിള്ള പറഞ്ഞു. മന്ത്രി തോമസ് ഐസക്ക് അദ്ധ്യക്ഷത വഹിച്ചു.