കായംകുളം: കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിലെ ഏറ്റവും പ്രായംകുറഞ്ഞ ആളെന്ന വിശേഷണവുമായാണ് കായകുളത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി അരിതാ ബാബു തിരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങുന്നത്. എന്നാൽ അരിതയുടെ വിശേഷണങ്ങൾ അതുകൊണ്ടു തീരുന്നില്ല.
പുതുപ്പള്ളി എന്ന ഗ്രാമത്തിന്റെ വിശുദ്ധിയും പ്രതീക്ഷകളും ഒരു പോലെ 26 കാരിയായ ഈ കൊച്ചുമിടുക്കിക്ക് ഒപ്പമുണ്ട്. സാമ്പത്തിമായി പിന്നാക്കം നിൽക്കുന്ന ഒരു ക്ഷീര കർഷക കുടുംബത്തിലെ അംഗമാണ് ബി.കോം ബിരുദധാരിയായ അരിത. രാഷ്ട്രീയവും കുടുംബത്തിലെ ഉത്തരവാദിത്വവും ചുറുചുറുക്കോടെ മുന്നോട്ടുകൊണ്ടുപോകുമ്പോഴും സമയം ഒന്നിനും തികയുന്നില്ലെന്ന് അരിത പറയുന്നു.
അരിതയുടെ ഒരു ദിവസത്തെ ദിനചര്യ ഇങ്ങനെയാണ് . വെളുപ്പിനെ ഉറക്കമുണർന്നാൽ നേരെ പശു തൊഴുത്തിലേയ്ക്കാണ് ഓട്ടം. ചാണകം വാരി വൃത്തിയാക്കി പശുക്കളെ കുളിപ്പിച്ച് കറവയ്ക്ക് സജ്ജമാക്കണം. കറവ കഴിഞ്ഞാൽ പാലുമായി നേരെ പാൽ സൊസൈറ്റിയിലേയ്ക്ക്. സഹായിക്കാൻ അച്ചൻ തുളസീധരനും അമ്മ ആനന്ദവല്ലിയും കൂടെയുണ്ടാകും. കുളികഴിഞ്ഞാൽ നേരെ പുതിയിടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേയ്ക്ക്. കണ്ണന്റെ മുന്നിൽ തൊഴുതു നിൽക്കുന്ന അരിത ക്ഷേത്രത്തിലെത്തുവർക്കെല്ലാം സുപരിചിതയാണ്. കണ്ണടച്ച് വിഷ്ണു സഹസ്രനാമം മുഴുവൻ ചൊല്ലിക്കഴിഞ്ഞാൽ പിന്നെ പൊതുപ്രവർത്തന രംഗത്തേയ്ക്ക്.
മുൻ ജില്ലാ പഞ്ചായത്ത് അംഗവും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ അരിതയുടെ പേരാണ് ആദ്യം മുതൽ തന്നെ പരിഗണനയിൽ ഉണ്ടായിരുന്നത്. യുവത്വവും വനിതാ പ്രാതിനിധ്യവും പരിഗണിക്കേണ്ടി വന്നപ്പോൾ അരിതതന്നെയെന്ന് ഉറപ്പിച്ചു. എൽ.ഡി.എഫിലെ യു. പ്രതിഭാ ഹരിയോട് ഏറ്റുമുട്ടുവാൻ അരിതതന്നെ വേണമെന്ന അഭിപ്രായവും നേതാക്കളുടെ ഇടയിൽ ഉയർന്നുവെന്ന് പറയുന്നു.
പുതുപ്പള്ളി എന്നഗ്രാമത്തിന്റെ നൈർമല്ല്യവുമായി
സംസ്ഥാനതല രാഷ്ടരീയ ഗോദായിലേയ്ക്ക് അരിത നടന്നുകയറുമ്പോൾ ആഹ്ളാദ തിമിർപ്പിലാണ് ജൻമനാട്.
അരിതയുടെ മൂത്ത സഹോദരനായ അരുണിന് മാർക്കറ്റിംഗ് ഫീൽഡിലാണ് ജോലി.