ph

കായംകുളം : കായംകുളം - പ്രയാർ റോഡിൽ പുലരിച്ചന്തയ്ക്ക് സമീപം മഹിളാമുക്കിലുള്ള ചങ്ങാലപ്പള്ളി വീടിന്റെ പറമ്പിൽ തൊഴിലുറപ്പ് തൊഴിലാളികൾക്കൊപ്പം മരത്തിന്റെ തണൽപറ്റി നിൽക്കുകയാണ് കായംകുളത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി അരിതാ ബാബു. നിറം മങ്ങിയൊരു ചുരിദാർ ആണിഞ്ഞ് തൊഴിലാളികൾക്കൊപ്പം നിൽക്കുന്ന അരിതയെ ഒറ്റനോട്ടത്തിൽ തിരിച്ചറിയാനായില്ല. അവർക്കിടയിലേയ്ക്ക് ചെന്നതോടെ അരിത ഓടിയെത്തി വിശേഷം പങ്കുവെച്ചു.

കഴിഞ്ഞ ദിവസം ചേപ്പാട് നടന്ന പ്രചാരണ യോഗത്തിൽ രാഹുൽ ഗാന്ധി കൈപിടിച്ചുയർത്തി വോട്ട് അഭ്യർത്ഥിച്ചതിന്റെ ത്രില്ലിലാണ് അരിത. സംസ്ഥാനത്തെ സ്റ്റാർ മണ്ഡലമെന്നാണ് കായംകുളത്തെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വിശേഷിപ്പിച്ചത്. മണ്ഡലം തിരിച്ചുപിടിയ്ക്കുമെന്ന അത്മവിശ്വാസത്തിലാണ് അരിത.

ചെല്ലുന്നിടത്തെല്ലാം വലിയ സ്വീകാര്യതയാണന്ന് അരിത പറയുന്നു. കുടുംബത്തിലെ ഒരു അംഗത്തെപ്പോലെയാണ് എല്ലാവരും പെരുമാറുന്നത്. ജില്ലാ പഞ്ചായത്ത് അംഗമായിരുന്നതുകൊണ്ട് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല.അരിത നേരിടുന്ന രണ്ടാമത്തെ തിരഞ്ഞെടുപ്പാണ് ഇത്.

കഴിഞ്ഞ 15 വർഷക്കാലം കായംകുളത്ത് വികസന മുരടിപ്പായിരുന്നുവെന്നാണ് അരിതയുടെ പക്ഷം. റോഡും പാലവും പൊളിയുമ്പോൾ സ്വാഭാവികമായും പുനർ നിർമ്മിയ്ക്കുകയോ റീ ടാർ ചെയ്യുകയോ ചെയ്യും ഇതൊരു ഭരണ നേട്ടമായി കാണാനാകില്ല. പുരാതന നഗരമായ കായംകുളം ഇന്നും വികസനത്തിൽ പിന്നാക്കം തന്നെയെന്ന് അരിത ചൂണ്ടിക്കാട്ടുന്നു. തൊഴിലുറപ്പ് തൊഴിലാളികളുടെ ഇടയിൽ നിന്നും അരിത പോകുന്നത് ഭരണിക്കാവിലേയ്ക്കാണ് പ്രവർത്തകർ അവിടെ കാത്തുനിൽപ്പുണ്ട്.

ഒന്നാംഘട്ട പ്രവർത്തനങ്ങൾ എല്ലാം പൂർത്തിയായിക്കഴിഞ്ഞു. രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും, ശശി തരൂരും,മുനവ്വറലി ശിഹാബ് തങ്ങളും എല്ലാം പ്രചാരണത്തിന് എത്തിയത് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. സ്വീകരണ പരിപാടികൾ 24 ന് ആരംഭിയ്ക്കും.

ബ്രഹ്മ മുഹൂർത്തത്തിൽ ഉറക്കമെണീറ്റാൽ ആദ്യം ഗോക്കളുടെ പരിപാലനം.പിന്നെ കുളിച്ച് ഈറനോടെ മുടിയിൽ തുളസിക്കതിർ ചൂടി ഇഷ്ട ദേവനായ കണ്ണന്റെ സന്നിധിയിൽ. കണ്ണടച്ച് വിഷ്ണു സഹസ്രനാമം മുഴുവൻ ചൊല്ലിക്കഴിഞ്ഞ ശേഷം പൊതുപ്രവർത്തന രംഗത്തേയ്ക്ക്. ഇതാണ് അരിതയുടെ രീതി.